ഏഴാമനായെത്തി ആറാടി അക്സർ പട്ടേൽ, തകർത്തത് 3 റെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified വെള്ളി, 6 ജനുവരി 2023 (14:44 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ നാണംകെട്ട തോൽവി ഉറപ്പിച്ചിടത്ത് നിന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവ്- കൂട്ടുക്കെട്ടായിരുന്നു. ഇടയ്ക്ക് വെച്ച് സൂര്യ പുറത്തായപ്പോഴും ശിവം മാവിയെ കൂട്ടിപിടിച്ച് അക്സർ തൻ്റെ പോരാട്ടം തുടർന്നു.

മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മൂന്ന് റെക്കോർഡുകൾ താരം തൻ്റെ പേരിലാക്കി.
ഏഴാമനായി ക്രീസിലെത്തി 31 പന്തിൽ നിന്നും 3 ഫോറും 6 സിക്സറുമടക്കം 65 റൺസാണ് അക്സർ നേടിയത്. ഇതോടെ രാജ്യാന്തര ടി20യിൽ ഏഴാം സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ റെക്കോർഡ് അക്സറിൻ്റെ പേരിലായി. പുറത്താവാതെ 44 റൺസ് നേടിയിരുന്ന രവീന്ദ്ര ജഡേജയെയാണ് താരം മറികടന്നത്.

ഏഴോ അതിന് താഴെയോ സ്ഥാനത്തെത്തി ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ദിനേശ് കാർത്തിക്കിൽ നിന്നും അക്സർ സ്വന്തമാക്കി. നാല് സിക്സറുകളാണ് ദിനേശ് കാർത്തിക് നേടിയിരുന്നത്. മത്സരത്തിൽ 20 പന്തിൽ നിന്നും അമ്പത് റൺസ് നേടിയ അക്സർ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി പൂർത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. 12 പന്തിൽ ഫിഫ്റ്റി നേടിയ യുവരാജ് സിംഗാണ് പട്ടികയിൽ ഒന്നാമത്.

രണ്ടാം ടി20യിലെ വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്താൻ ശ്രീലങ്കയ്ക്കായി. ഏഴാം തീയ്യതിയാണ് പരമ്പരയിലെ അവസാനമത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :