അഭിറാം മനോഹർ|
Last Modified ശനി, 11 ജനുവരി 2025 (12:13 IST)
ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്‍പായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ തന്നെ പരിഗണിക്കരുതെന്ന കെ എല്‍ രാഹുലിന്റെ ആവശ്യം തള്ളി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഭാഗമായിരുന്ന കെ എല്‍ രാഹുല്‍ ചെറിയ ഇടവേള തനിക്ക് ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തള്ളികളഞ്ഞത്.
ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ രാഹുല്‍ ഭാഗമല്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇന്ത്യ ഏകദിന മത്സരങ്ങള്‍ കളിക്കുന്നത്. നേരത്തെ രാഹുലിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി മത്സരപരിചയം ലഭിക്കുമെന്നതിനാല്‍ ആവശ്യം നിരസിക്കാന്‍ തീരുമാനമെടുത്തതായാണ് സൂചന.
ഇതോടെ ചാമ്പ്യന്‍സ് ട്രോഫി പരമ്പരയില്‍ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ഇന്ത്യ ആദ്യം പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണെന്ന് വ്യക്തമായി. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം നേടാമെന്ന സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. റിഷഭ് പന്തിനെ ബാക്കപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇംഗ്ലണ്ട് പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫി ടീമിലും സഞ്ജുവിന് ഇടം പിടിക്കാന്‍ സാധിച്ചേക്കില്ല.