മക്ഗ്രാത്തിനു വേണ്ടിഒന്നു കയ്യടിക്കാം

WEBDUNIA|
ജമൈക്ക: ഓസ്‌ട്രേലിയന്‍ ടീമിന്‍റെ കാനറി പക്ഷിക്കു ആരവത്തോടെ വിട നല്‍കാന്‍ ഒരുങ്ങുകയാണ്‌ ആരാധകര്‍. ശനിയാഴ്ചത്തെ ഫൈനല്‍ സൂപ്പര്‍ ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്തിനു വിടപറയലിനു കൂടി വേദിയാകും.

ഫൈനല്‍ വരെയുള്ള പ്രകടനങ്ങള്‍ മക്ഗ്രാത്തിനെ കൊണ്ടെത്തിച്ചിരിക്കുന്നത്‌ ലോകകപ്പിലെ താരമെന്ന ബഹുമതിയിലേക്കാണ്‌. ലോകകപ്പില്‍ മികവിന്‍റെ കാര്യത്തില്‍ ഇനി അത്ഭുതങ്ങള്‍ നടന്നാല്‍ തന്നെയും ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്ക്‌ ഒപ്പം തന്നെയാകും മക്‌ ഗ്രാത്തിന്‍റെ സ്ഥാനം.

സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ പ്രകടനത്തിലൂടെ ലോകകപ്പില്‍ 25 വിക്കറ്റുകളാണ്‌ മക്ഗ്രാത്ത്‌ വീഴ്ത്തിയത്‌. 20 വിക്കറ്റ്‌ നേട്ടം കടന്ന മുരളീധരന്‍(23), ഷോണ്‍ ടൈറ്റ്‌ (23),ബ്രാഡ്‌ ഹോഗ്‌ (20) എന്നിവരില്‍ മുമ്പനായി ലോകകപ്പിലെ താരത്തിലേക്കുള്ള ദൂരത്തില്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു അദ്ദേഹം.

ഒരു ലോകകപ്പില്‍ എറ്റവും കൂടുതല്‍ വിക്കറ്റിനുടമയായ മക്ഗ്രാത്ത്‌ ലോകകപ്പില്‍ 70 വിക്കറ്റ്‌ വീഴ്ത്തി ഏറ്റവുമധികം വിക്കറ്റോടെ ചരിത്രത്തിലേക്കാണ്‌ നടന്നു കയറുന്നത്‌. വാസീം അക്രത്തിന്‍റെ 53 വിക്കറ്റ്‌ എന്ന റെക്കോഡ്‌ ഇക്കാര്യത്തില്‍ മക്ഗ്രാത്ത്‌ മറി കടന്നു.

ലോകകപ്പില്‍ മൂന്നാം കിരീടം ലക്‍ഷ്യമിടുന്ന ഓസ്‌ട്രേലിയ തങ്ങളുടെ ചാമ്പ്യന്‍ ബൗളര്‍ക്ക്‌ അര്‍ഹമായ രീതിയില്‍ തന്നെ വിട നല്‍കാനുള്ള ഒരുക്കത്തിലാണ്‌. ലോകകപ്പ്‌ താരമാകാന്‍ 15 പോയിന്‍റു നേടിയിരിക്കുന്ന മക്ഗ്രാത്തിനു പുറകില്‍ 11 പോയിന്‍റുമായി ശ്രീലങ്കന്‍ നായകനാണ്‌ നില്‍ക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :