കരീബിയന്‍ രാജകുമാരന്‍റെ പടിയിറക്കം

WEBDUNIA|
പോര്‍ട്ട്‌ ഓഫ്‌ സ്പെയിന്‍: ഏതൊരു ബൗളറുടേയും നെഞ്ചിടിപ്പു കൂട്ടുന്ന ഫുട്‌ വര്‍ക്കിന്‍റെ ചടുലതാളം ഓര്‍മ്മയാക്കി ലാറ പടിയിറങ്ങിയ ശേഷമുള്ള ആദ്യ മെയ്‌ രണ്ടാണ്‌ ഇത്‌. മെയ്‌ രണ്ട്‌ കരീബിയക്കാര്‍ ഓര്‍ക്കുക ലാറയുടെ ജന്മദിനത്തിന്‍റെ പേരിലാകും. എന്നാല്‍ കരീബിയന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്ക്‌ 2007 ലെ മെയ്‌ രണ്ട്‌ കൂടുതല്‍ വേദനാജനകമായിരുന്നു.

ലോകകപ്പില്‍ വിന്‍ഡീസിന്‍റെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന്‌ ഇംഗ്ലണ്ടിനെതിരെയുള്ള മല്‍സരം അവസാനത്തേതായിരിക്കുമെന്നു ലാറ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കരീബിയക്കാര്‍ക്ക്‌ ബ്രയാന്‍ ലാറ ഒരു ഇതിഹാസമാണ്‌. ആകര്‍ഷണീയമയ ബാറ്റിംഗ്‌ കലയിലൂടെ കരീബിയന്‍ ക്രിക്കറ്റ്‌ ആരാധകരെ മുഴുവന്‍ കീഴിലാക്കിയതിനാല്‍ പോര്‍ട്ട്‌ ഓഫ്‌ സ്പെയിന്‍റെ രാജകുമാരന്‍ എന്ന ഓമനപ്പേരിലാണ്‌ ലാറയെ കരീബിയക്കാര്‍ വാഴ്ത്തുന്നത്‌.

ക്രിക്കറ്റ്‌ കലയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് ഒപ്പമാണ് എ‍ക്കാലത്തും ലാറയുടെ സ്ഥാനം.ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (400നോട്ടൗട്ട്‌) ഫാസ്റ്റ്‌ ക്ലാസ്സ്‌ ക്രിക്കറ്റില്‍ പുറത്താകാതെ മറ്റൊരു 501,പടു കൂറ്റന്‍ വ്യക്തിഗത സ്കോറുകളുടെ ഉടമയായ ലാറ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ബ്രാഡ്‌ മാനു പിന്നാലെ രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറിയും ബില്‍ പോണ്‍സിനു ശേഷം ക്വാ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ ഒരേയൊരാളാണ്‌. " ലാറയെ പുറത്താക്കാന്‍ റണ്ണൗട്ടല്ലാതെ മറ്റു മാര്‍ഗമില്ല " 1992/93 ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെ 271 റണ്‍സ്‌ നേടിയപ്പോള്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍ പറഞ്ഞതാണിത്‌.

പോര്‍ട്ട്‌ ഓഫ്‌ സ്പെയിനില്‍ 1969 ല്‍ ബണ്ടിയുടേയും പേളിന്‍റെയും 11 മക്കളില്‍ പത്താമാനായിരുന്നു ലാറ. ചെറുപ്പത്തിലേ ബാറ്റിംഗ്‌ സാങ്കേതികത സ്വായത്വമാക്കിയ ലാറ പതിനാലാം വയസ്സില്‍ ഫാത്തിമാ കോളേജില്‍ എത്തിയതോടെയാണ്‌ താരത്തിലേക്കു പ്രയാണം ആരംഭിച്ചത്‌. സ്കൂള്‍ ലീഗില്‍ 126.16 ശരാശരിയില്‍ 745 റണ്‍സാണ്‌ അടിച്ചു കൂട്ടിയതോടേ ട്രിനിഡാഡ്‌ അണ്ടര്‍ 16 ടീമിലും വെസ്റ്റിന്‍ഡീസ്‌ അണ്ടര്‍ 19 ലും എത്താന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.

1987 ല്‍ വിന്‍ഡീസ്‌ യൂത്ത്‌ ബാറ്റിംഗ്‌ റെക്കോഡ്‌ തകര്‍ത്ത ലാറ 1988 ല്‍ അരങ്ങേറ്റ ഫാസ്റ്റ്‌ ക്ലാസ്സ്‌ മല്‍സരത്തില്‍ മാല്‍ക്കം മാര്‍ഷ്‌, ജോയല്‍ ഗാര്‍നര്‍ തുടങ്ങിയ വമ്പന്‍ ബൗളര്‍മാര്‍ നിരന്ന ടീമിനെതിരെ 92 റണ്‍സ്‌ നേടിയതോടെ വിന്‍ഡീസ്‌ ടീമിലും എത്തി. 1990 ല്‍ പാകിസ്ഥാനെതിരെ അരങ്ങേറിയ ലാറ നാലു വര്‍ഷത്തിനുള്ളില്‍ ഗാരീ ഫീല്‍ഡ്‌ സോബേഴ്‌സിന്‍റെ പേരില്‍ ആയിരുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 365 റണ്‍സ്‌ നേടി മറി കടന്നു.

2001 ജൂലായില്‍ ക്രിക്കറ്റിന്‍റെ ബൈബിളായ വിസ്ഡന്‍ പ്രസിദ്ധീകരിച്ച 100 മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ആദ്യ 15 ലെ മൂന്ന്‌ ഇന്നിംഗ്‌സുകള്‍ ലാറയുടെ പേരിലുള്ളതായിരുന്നു. ബിബിസി സ്‌പോര്‍ട്‌സ്‌ പേഴ്‌സണാലിറ്റി, 1995 ലെ വിസഡന്‍ ക്രിക്കര്‍മാരില്‍ ഒരാള്‍ തുടങ്ങിയവ ലാറയുടെ ഔദ്യോഗിക ബഹുമതിയില്‍ ചിലതാണ്‌.

ക്രിക്കറ്റില്‍ വിന്‍ഡീസ്‌ മികവിന്‍റെ അന്ത്യദശയിലായിരുന്നു നിര്‍ഭാഗ്യവശാല്‍ ലാറയ്ക്ക്‌ ടീമിന്‍റെ നായകത്വം ഏല്‍ക്കേണ്ടി വന്നത്‌. അതിനാല്‍ വിന്‍ഡീസിന്‍റെ ശെഖരത്തില്‍ വമ്പന്‍ നേട്ടങ്ങളോന്നും നായകന്‍ എന്ന നിലയില്‍ ലാറയ്ക്ക്‌ ടീമിനായി ഒരുക്കാനായില്ല. 2004 ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫി ജേതാക്കളാക്കാനും സ്വന്തം നാട്ടിലെ ലോകകപ്പില്‍ ടീമിനെ സൂപ്പര്‍ എട്ടില്‍ എത്തിക്കാനും കഴിഞ്ഞതാണ്‌ മികച്ച നേട്ടം.

ഏതൊരു ബാറ്റ്‌സ്‌മാനെയും പോലെ നിരാശാ ജനകമായ പടിയിറക്കമായിരുന്നു ലാറയുടേതും. അവസാന മല്‍സരത്തില്‍ റണ്ണൗട്ടിലായിരുന്നു ലാറയുടെ ഇന്നിംഗ്‌സ്‌ അവസാനിച്ചത്‌. 2007 ലോകകപ്പിലെ ഇംഗ്ലണ്ട്‌- വിന്‍ഡീസ്‌ മല്‍സരത്തില്‍ ഒരു സിംഗിളിനു ശ്രമിക്കവേ ഇംഗ്ലണ്ടിന്‍റെ പീറ്റേഴ്‌സന്‍റെ ഏറ്‌ നോണ്‍ സ്റ്റ്രൈക്കര്‍ എന്‍ഡിലെ വിക്കറ്റ്‌ തെറുപ്പുക്കുമ്പോള്‍ ലാറയുടെ സമ്പാദ്യം 17 പന്തില്‍ 18 ആയിരുന്നു. മറു വശം നിന്നിരുന്ന മര്‍ലിയന്‍ സാമുവല്‍സിന്‌ വിക്കറ്റ്‌ ബലി നല്‍കിയെങ്കിലും നായകന്‍റെ വിക്കറ്റ്‌ കാക്കാമായിരുന്നില്ലേ എന്ന്‌ ഏതൊരു ക്രിക്കറ്റ്‌ പ്രേമിയും ആശിച്ചുവെങ്കില്‍ കുറ്റം പറയാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :