ഇന്ത്യയ്‌ക്ക് കനത്ത പരാജയം

മെല്‍ബണ്‍: | WEBDUNIA| Last Modified ശനി, 29 ഡിസം‌ബര്‍ 2007 (11:36 IST)
ഗാംഗുലിയുടെയും ലക്‍ഷ്‌മണിന്‍റെയും ചെറിയ പോരാട്ടം നീക്കി വച്ചാല്‍ പ്രതീക്ഷയ്‌ക്ക് വിപരീതമായ ഒരു കാര്യങ്ങളും ടെസ്റ്റില്‍ സംഭവിച്ചില്ല. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ പ്രൊഫഷണല്‍ മുഖം എന്താണെന്ന് ഒരിക്കല്‍ കൂടി ഇന്ത്യയ്‌ക്ക് ബോധ്യയെന്നു മാത്രം.

മുഴക്കിയ വീരവാദങ്ങളെല്ലാം തിരിച്ചെടുക്കണ്ട സ്ഥിതിയിലായ ഇന്ത്യ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 357 റണ്‍സിനു പരാജയപ്പെട്ടു. ഓസീസിന്‍റെ 499 എന്ന സ്കോര്‍ പിന്തുടരവേ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ 161 റണ്‍സിനു കൂടാരം കയറി. മുന്‍ നിര താരങ്ങളെല്ലാം തികഞ്ഞ പരാജയമായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 343 ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എടുത്തു. ഇന്ത്യയുടെ ഇന്നിംഗ്‌സുകള്‍ 196, 169 എന്നിങ്ങനെയായിരുന്നു. 42 റണ്‍സ് എടുത്ത ലക്‍ഷ്മണോ 40 റണ്‍സ് എടുത്ത ഗാംഗുലിക്കോ ഇന്ത്യയുടെ ആയുസ് നീട്ടിയെടുക്കാനായില്ല.

രാഹുല്‍ ദ്രാവിഡിനെ ഓപ്പണറാക്കി പരീക്ഷണം നടത്തിയ ഇന്ത്യയുടെ മദ്ധ്യനിര മുഴുവനായും പാളിപ്പോയി. പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. 16 റണ്‍സ് എടുത്ത ദ്രാവിഡിനെ സൈമണ്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യയുടെ പതനം തുടങ്ങുകയായിരുന്നു.

ഇന്ത്യയില്‍ പാകിസ്ഥാനെതിരെ ഇരട്ട ശതകം കണ്ടെത്തിയ വസീം ജാഫറിനു മെല്‍ബണില്‍ ഈ മികവ് കണ്ടെത്താനായില്ല. 15 റണ്‍സില്‍ നില്‍ക്കേ ലീയുടെ പന്തില്‍ ഗില്‍ക്രിസ്റ്റിന്‍റെ ഗ്ലൌസിലെത്തി. 15 റണ്‍സ് എടുത്ത തെന്‍ഡുല്‍ക്കറിനും സമാന സ്ഥിതിയായിരുന്നു. രണ്ടു ക്ലാര്‍ക്കുമാരും ഇടപെട്ടായിരുന്നു ലക്‍ഷ്‌മണിന്‍റെ പുറത്താകല്‍.

ഓസ്ട്രേലിയയ്‌ക്കെതിരെ അമിത പ്രതീക്ഷയുമായി പരമ്പര ടീമില്‍ ഉള്‍പ്പെടുത്തിയ യുവ‌രാജ് സിംഗിനു ആദ്യ ഇന്നിംഗ്‌സില്‍ നിന്നും ചെറിയ മാറ്റമുണ്ടായി. അഞ്ചു റണ്‍സായിരുന്നു യുവിയുടെ ബാറ്റില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിച്ചത്.

യുവി ഹോഗിന്‍റെ എല്‍ ബി തന്ത്രത്തില്‍ കുരുങ്ങി. ധോനിയേയും (11), നായകന്‍ അനില്‍ കുംബ്ലേയേയും (എട്ട്) ജോണ്‍സണ്‍ ഗില്‍ക്രിസ്റ്റിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ ഹര്‍ഭജന്‍ പൂജ്യത്തിനു റണ്ണൌട്ടായി. രണ്ട് റണ്‍സ് എടുത്ത ആര്‍ പി സിംഗിനെ ജോണ്‍സണ്‍ പുറത്താക്കുക കൂടി ചെയ്തപ്പോല്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.

സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :