സമാനതകളില്ലാതെ വോണ്‍!

ബിനു സി തമ്പാന്‍

WEBDUNIA|
തന്‍റെ പതിനഞ്ച് വര്‍ഷം നീണ്ട് ടെസ്റ്റ് കരിയറില്‍ 145 മത്സരങ്ങളിലെ 273 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 708 വിക്കറ്റുകളാണ് വോണിന്‍റെ സമ്പാദ്യം. ടെസ്റ്റിന് സമാനമായ റെക്കോഡുകള്‍ ഏകദിനങ്ങളില്‍ സ്വന്തമാക്കാനായില്ലെങ്കിലും ലോക കപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്ക്കാരം ഉള്‍പ്പെടെയുള്ള നേട്ടങ്ങളും വോണ്‍ സ്വന്തമാക്കിട്ടുണ്ട്. ഏകദിനങ്ങളില്‍ 194 മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ 2008ല്‍ ഉജ്ജ്വല തിരിച്ചു വരവാണ് വോണ്‍ നടത്തിയത്. ലീഗിലെ ഏറ്റവും ദുര്‍ബല ടീമായി വിലയിരുത്തപ്പെട്ടിരുന്ന ജയ്പൂര്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ ലീഗിലെ ആദ്യ ചാമ്പ്യന്‍മാരാക്കി മാറ്റിയ വോണ്‍ തന്‍റെ നേതൃപാടവവും തെളിയിച്ചു. ഓസ്ട്രേലിയക്ക് ഒരിക്കലും ലഭിക്കാതെ പോയ ഏറ്റവും മികച്ച നായകന്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വോണ്‍ ഇത് ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍റെ ക്യാപ്റ്റന്‍, പരിശീലകന്‍ എന്നീ ഇരട്ട വേഷങ്ങളില്‍ നടത്തിയത്.

തന്‍റെ ബൌളിങ്ങിന്‍റെ മുഖമുദ്രയായ കൃത്യതയ്ക്കും പന്ത് തിരിക്കാനുള്ള കഴിവിനും പ്രായം വിലങ്ങ് തീര്‍ത്തില്ല എന്നു ലീഗിലെ പ്രകടനത്തിലൂടെ ഈ മുപ്പത്തിയൊമ്പതുകാരന്‍ തെളിയിക്കുകയും ചെയ്തു. ക്രിക്കറ്റ് കളത്തില്‍ നിറഞ്ഞു നിന്ന് കാലത്ത് വിമത സ്വരത്തിന്‍റെയും വ്യക്തി ജീവിതത്തിലെ വിവാദങ്ങളുടെയും പേരിലാണ് വോണിനെ മാധ്യമങ്ങള്‍ ആഘോഷിച്ചതെങ്കിലും കാലം കടന്നു പോകുമ്പോള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ പേരില്‍ തന്നെ വോണ്‍ ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പാണ്.

സ്പിന്‍ ബൌളിങ്ങ് എന്നത് ക്രിക്കറ്റിലെ വിദൂഷക വേഷം മാത്രമല്ല സമാനതകളില്ലാത്ത നായക്ത്വവും അതില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ച വോണിനോട് ചരിത്രം നീതി കാട്ടുമെന്നു കായികപ്രേമികള്‍ പ്രതീഷിക്കുന്നതില്‍ അത്ഭുതപ്പെടാനുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :