ഇന്ത്യ ന്യൂസിലാന്‍ഡ് നാലാം ഏകദിനവും മഴ ഭീഷണിയില്‍. ടോസ് നേടിയ ന്യൂസിലാന്‍ഡിന്‍റെ ബാറ്റിംഗ് 41 ഓവറെത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.
ഭേദപ്പെട്ട തുടക്കമായിരുന്നു റൈഡറും മക്‍ക്കെല്ലവും ചേര്‍ന്ന് ന്യൂസിലാന്‍ഡിന് നല്‍കിയത്. അര്‍ദ്ധസെഞ്ച്വറിക്കരികെ( 57 പന്തില്‍ നിന്ന് 46 റണ്‍സ്) യുവരാജിന്‍റെ പന്തില്‍ റെയ്നയ്ക്ക് പിടികൊടുത്ത് റൈഡര്‍ മടങ്ങും വരെ ആ സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. തുടര്‍ന്നെത്തിയ ടെയ്‌ലര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി.
ഗുപ്തില്‍ അല്പം പിടിച്ചുനിന്നെങ്കിലും ( 49 പന്തില്‍ നിന്ന് 25 റണ്‍സ്) ഇഷാന്ത് ശര്‍മയുടെ പന്തില്‍ അദ്ദേഹവും മടങ്ങി. ഇതിനിടെ ഒരറ്റത്ത് ഫോമിലേക്കുയരുന്നതിന്‍റെ സൂചന നല്‍കി മക്‍ക്കെല്ലം നില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സഹീര്‍ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി മക്‌ക്കെല്ലമെന്ന വന്‍മരത്തെ കടപുഴക്കി. 95 പന്തില്‍ നിന്ന് 77 റണ്‍സായിരുന്നു മക്‍ക്കെല്ലത്തിന്‍റെ സംഭാവന. പിന്നീടെത്തിയ ഒറാം ചുവടുറപ്പിക്കുന്നതിന് മുന്‍പേ മടങ്ങി (2 പന്തില്‍ നിന്ന് 1 റണ്‍സ്) ഇഷാന്ത് ശര്‍മയുടെ പന്തില്‍ ധോണി ഒറാമിന് കപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
തുടര്‍ന്ന് ഇല്ലിയറ്റും ഗ്ലാഷനും ചേര്‍ന്ന് ന്യൂസിലാന്‍ഡ് സ്കോര്‍ കരയ്ക്കടുപ്പിച്ചിരിക്കുമ്പോഴാണ് മഴയെത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് ആയിരുന്നു അപ്പോള്‍ ന്യൂസിലാന്‍ഡിന്‍റെ മുതല്‍ക്കൂട്ട്. പിന്നീട് ഏകദേശം 20 മിനുട്ടിന് ശേഷം കളി പുനരാരംഭിച്ചു. ഓവറുകള്‍ ഒന്നും വെട്ടിച്ചുരുക്കിയിട്ടില്ല.