സ്ട്രോസിന് വീണ്ടും കൂച്ചുവിലങ്ങ്

ലോര്‍ഡ്സ്| WEBDUNIA| Last Modified ബുധന്‍, 27 മെയ് 2009 (09:57 IST)
ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനോട് ആഭ്യന്തര ട്വന്‍റി-20 യില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ആഷസ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് നിര്‍ദ്ദേശം. നേരത്തെ ഇംഗ്ലണ്ടിന്‍റെ ലോകകപ്പിനുള്ള ട്വന്‍റി-20 സ്ക്വാഡില്‍ നിന്നും സ്ട്രോസിനെ ഒഴിവാക്കിയിരുന്നു.

ആഭ്യന്തര ടീമായ മിഡില്‍സെക്സിന് വേണ്ടിയാണ് സ്ട്രോസ് ഇറങ്ങിയിരുന്നത്. ആഭ്യന്തര ട്വന്‍റി ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കെയാണ് ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദ്ദേശം. ഇംഗ്ലണ്ട് പരിശീലകനായ ആന്‍ഡി ഫ്ലവര്‍ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സ്ട്രോസിനെ ഒഴിവാക്കിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. നേരത്തെ സ്ട്രോസിന്‍റെ കേളീശൈലി ട്വന്‍റി-20 ഫോര്‍മാറ്റിന് അനുയോജ്യമല്ലെന്ന് വിധിയെഴുതിയായിരുന്നു ലോകകപ്പ് സ്ക്വാഡില്‍ നിന്ന് അദ്ദേഹത്തെ ഇംഗ്ലണ്ട് മാറ്റിനിര്‍ത്തിയത്.

ജെയിംസ് ആന്‍ഡ്ഴ്സനോടും സ്റ്റുവര്‍ട്ട് ബ്രോഡിനോടും വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റിന്‍‌ഡീസിനെതിരെയുള്ള ജോലിഭാരത്തില്‍ നിന്ന് മോചനം നല്‍കാനാണ് ഇവര്‍ക്ക് വിശ്രമം അനുവദിച്ചതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. വിരലിന് പരുക്കേറ്റ മരറ്റ് പ്രയറിനും വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :