സൌത്തീയും ഫ്ലിന്നും മടങ്ങിയെത്തി

വെല്ലിംഗ്ടണ്‍| WEBDUNIA|
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ബൌളര്‍ ടിം സൊത്തീയെയും ബാറ്റ്സ്മാന്‍ ഡാനിയേല്‍ ഫ്ലിന്നിനെയും ന്യൂസിലാന്‍ഡ് മടക്കി വിളിച്ചു. വെള്ളിയാഴ്ച വെല്ലിംഗ്ടണിലാണ് മൂന്നാം ടെസ്റ്റ്.

ഹാമില്‍ട്ടണിലെ ആദ്യടെസ്റ്റില്‍ ഇടംകൈയ്ക്കേറ്റ പരുക്കുമൂലം ഫ്ലിന്‍ നേപ്പിയറിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. വെള്ളിയാഴ്ച്ചത്തേക്ക് ഫ്ലിന്‍ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നണ് കിവീസ് ക്യാമ്പിന്‍റെ പ്രതീക്ഷ.

സൌത്തീക്ക് ഇതൊരു തിരിച്ചുവരവാണ് ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റിന് ശേഷം സൌത്തീ കിവീസ് ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിരുന്നില്ല. ഇന്ത്യയ്ക്കെതിരെ ട്വന്‍റി-20യിലും ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഏകദിനത്തിലും സൌത്തീ‍ കിവീസിന് വേണ്ടി പന്തെറിഞ്ഞിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ പന്തെറിഞ്ഞ സൌത്തീ വിക്കറ്റൊന്നും നേടാതെ 105 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സൌത്തീയെ അവശേഷിച്ച മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ ഇതിന് ശേഷം ആഭ്യന്തരമത്സരത്തില്‍ സൌത്തീ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇന്ത്യയ്ക്കെതിരായ ബൌളിംഗ് ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണ് സൌത്തീയെ ഉള്‍പ്പെടുത്തിയതിലൂടെ കിവീസ് ല‌ക്‍ഷ്യമിടുന്നത്.

അതേസമയം പരുക്കിന്‍റെ പിടിയില്‍ നിന്നും മോചിതമാകാത്ത ജേക്കബ് ഓറമിനെയും ബ്രെന്‍റ് ആര്‍നലിനെയും സ്ക്വാഡിലേക്ക് പരിഗണിച്ചില്ല. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയിലാക്കണമെങ്കിലും വെള്ളിയാഴ്ച്ചത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വിജയിക്കണം.

ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണിപ്പോള്‍. നേപ്പിയറില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :