സെവാഗിനെ കുഴക്കിയ ഓവര്‍!

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തുകയെന്നതാണ് ഇന്ത്യയുടെ വിരേന്ദര്‍ സെവാഗിന്റെ പതിവ്. എറിയുന്നത് ഏത് ബൌളറാണെന്നും ഈ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ശ്രദ്ധിക്കാറില്ല. ഇന്ത്യ ചാമ്പ്യന്‍‌മാരായ ഈ ലോകകപ്പില്‍ ഇത് കണ്ടതാണ്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലാണ് സെവാഗ് ആദ്യ പന്ത് അതിര്‍ത്തി കടത്തിയത്. ഈ സെവാഗ് ഓവര്‍ മെയ്‌ഡന്‍ ആക്കുമോ?

പെട്ടെന്നുള്ള ഉത്തരം ഇല്ലെന്നായിരിക്കും. പക്ഷേ കഴിഞ്ഞ ഒരു മത്സരത്തില്‍ സെവാഗിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി. മുംബൈ ഇന്ത്യന്‍‌സിനെതിരെയുള്ള മത്സരത്തിലാണ് ഡല്‍‌ഹി ഡെയര്‍ ഡെവിള്‍സ് നായകനായ സെവാഗിന് മലിംഗ എറിഞ്ഞ നാലാം ഓവറില്‍ ഒരു ഓവറില്‍ റണ്‍സ് ഒന്നും എടുക്കാനാകാതിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് സെവാഗ് ഇങ്ങനെ റണ്‍സ് ഒന്നും എടുക്കാതിരിക്കുന്നത്.

ഇക്കാര്യത്തെക്കുറിച്ച് സെവാഗ് തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘‘എനിക്ക് തോന്നുന്നത് 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഞാന്‍ ഒരു ഓവര്‍ മെയ്ഡന്‍ ആക്കുന്നത്. പക്ഷേ അത് ബോധപൂര്‍വം ആയിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയില്‍ അങ്ങനെ ചെയ്യണമായിരുന്നു. മലിംഗ മികച്ച ഫോമിലായിരുന്നു. അപ്പോള്‍ മലിംഗയെ ഞാന്‍ നേരിടാന്‍ തീരുമാനിച്ചു. സ്ട്രൈക്ക് കൈമാറിയാല്‍ മറ്റുള്ളവര്‍ക്ക് മലിംഗയെ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.’’

മുംബൈക്കെതിരെ 19 റണ്‍സ് എടുത്ത സെവാഗിനെ സച്ചിന്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു. 13 റണ്‍സ് വിട്ടുകൊടുത്ത് മലിംഗ ഡല്‍‌ഹി ഡെയര്‍ഡെവിള്‍സിന്റെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഡെയര്‍ഡെവിള്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :