തന്നെയും ക്യപ്റ്റനെയും സെലക്ഷന്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരിശീലകനായ ആന്‍ഡി മോള്‍സ് ആവശ്യപ്പെട്ടു. തന്‍റെയും ക്യാപ്റ്റന്‍റെയും വിലയിരുത്തല്‍ കൂടി പരിഗണിക്കപ്പെട്ടെങ്കിലേ ഒരു നല്ല ടീം കെട്ടിപ്പടുക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ടെസ്റ്റ് - ഏകദിന പരമ്പരകളില്‍ പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് മോള്‍സിന്‍റെ ആവശ്യം.
കഴിഞ്ഞ ഡിസംബറില്‍ ജോണ്‍ ബ്രെയ്സ്‌വെല്ലിന് പകരം ന്യൂസിലാന്‍ഡിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടിലായിരുന്നു മോള്‍സ്. കളിക്കാരുമായി അടുത്തിടപെടുന്നതിന് ഇത് തടസമാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.
എന്നാല്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് മോള്‍സ് തന്‍റെ അഭിപ്രായം മാറ്റിയതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയോട് പരാജയപ്പെടുന്നതിന് മുമ്പ് വെസ്റ്റിന്‍ഡീസുമായുള്ള ഏകദിന പരമ്പരയും ന്യൂസിലാന്‍ഡിന് നഷ്ടമായിരുന്നു. ടീമിലുള്ളത് ഏറ്റവും മികച്ച പതിനൊന്ന് പേരാണെന്ന് എല്ലാ കളിക്ക് മുമ്പും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മോള്‍സ് പറഞ്ഞു.