ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ സിംബാബ്‌വെയുടെ അട്ടിമറി തുടരുന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെയ്ക്ക് മുന്നില്‍ ഇത്തവണ വീണത് നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാനായിരുന്നു. ആദ്യ മത്സരത്തിലെ ഹീറോ ചിംഗുംബര തന്നെയാണ് സിംബാബ്‌വെയെ വിജരഥത്തിലേറ്റിയത്. സ്കോര്‍: സിംബാബ്‌വെ 143/7, പാകിസ്ഥാന്‍ 20 ഓവറില്‍ 131ന് ഓള്‍ ഔട്ട്.
ഒരു ഘട്ടത്തില്‍ 64/5 എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ ചിംഗുംബരയുടെ ഒറ്റയാന്‍ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. 35 പന്തില്‍ 49 റണ്‍സ് നേടിയാണ് ചിഗുംബുര സിംബാബ്‌വെയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. പാകിസ്ഥാന്‍റെ മറുപടിയും വ്യത്യസ്തമായില്ല. 67/5 എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ മിസ്ബാ ഉള്‍ ഹഖും (21) ഫവദ് ആലവും (32) ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ പാക് പതനവും പൂര്‍ത്തിയായി.
മൂന്നു പന്തിനിടെ ഇരുവരെയും പുറത്താക്കിയ ഉത്‌സേയയാണ് സിംബാബ്‌വെയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. മത്സരത്തിലാകെ 15 റണ്‍സ് വഴങ്ങി ഉത്‌സേയ നാലു വിക്കറ്റെടുത്തപ്പോള്‍ മൂന്നു വിക്കറ്റെടുത്ത ചിംഗുംബര ബൌളിംഗിലും തിളങ്ങി. ഒരു ഘട്ടത്തില്‍ 118/5 എന്ന നിലയില്‍ നിന്നാണ് പാകിസ്ഥാന്‍ 124/9 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയത്.
മറ്റൊരു മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗണ്ട് തോല്‍പിച്ചു. ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. ഡുമിനി മുപ്പതും മോര്‍കല്‍ മുപ്പത്തി രണ്ടും റണ്‍സ് വീതമെടുത്തു. ഇംഗണ്ടിനായി യാര്‍ഡി രണ്ടു വിക്കറ്റ് വീഴ്ത്തി. ഇംഗണ്ടിന്റെ മറുപടി തകര്‍ച്ചയോടെയായിരുന്നു. 9 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് വീണെങ്കിലും 63 റണ്‍സെടുത്ത മോര്‍ഗനും 23 റണ്‍സെടുത്ത കോളിങ്ങ്‌വുഡും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയ തീരമണച്ചു.