കഴിഞ്ഞ ദിവസം ദേഹവിയോഗം നടത്തിയ ശ്രീ സത്യസായി ബാബയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുട്ടപര്‍ത്തിയില്‍ എത്തി. രാവിലെ 10 മണിക്കു ശേഷം പുട്ടപര്‍ത്തിയില്‍ എത്തിയ സച്ചിന്‍ ബാബയുടെ ഭൗതികശരീരത്തിനു സമീപത്ത് അല്‍പ്പനേരം പ്രാര്‍ത്ഥനാപൂര്‍വ്വമിരുന്നു.
ബാബയുടെ കടുത്ത ഭക്‌തനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാബയുടെ ദേഹവിയോഗം അറിഞ്ഞ സച്ചിന്‍ തന്റെ മുപ്പത്തിയെട്ടാം പിറന്നാളാഘോഷം കഴിഞ്ഞദിവസം ഉപേക്ഷിച്ചിരുന്നു.
ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നായകന്‍ കൂടിയായ സച്ചിന്‍ കളിക്കില്ലെന്ന് വരെ വാര്‍ത്തയുണ്ടായിരുന്നു. ഭാര്യ അജ്ഞലിയോടും രണ്ട് മക്കളോടുമൊപ്പം ശനിയാഴ്ച രാത്രി വൈകിയാണ് സച്ചിന്‍ ഹൈദരാബാദില്‍ എത്തിയത്. സച്ചിന്‍ മത്സരത്തിനു തൊട്ടു മുമ്പു മാത്രമാണു ടീമിനൊപ്പം ചേര്‍ന്നത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 24 പന്തില്‍ 28 റണ്‍സെടുത്തു പുറത്തായി.
ബാബയുടെ വിയോഗ വാര്‍ത്ത സച്ചിനെ ദു:ഖിതനാക്കിയിരുന്നു. കഴിഞ്ഞ ദിവസം സച്ചിന്റെ ഹോട്ടല്‍ മുറിയുടെ വാതിലില്‍ ‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് തൂക്കിയിരുന്നുവെന്നും സച്ചിന്‍ പ്രഭാത ഭക്ഷണം കഴിച്ചില്ല എന്നും ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ആരെയും മുറിയിലേക്ക് കടത്തിവിടാന്‍ അനുവദിച്ചിട്ടുമില്ല. മുംബൈ ഇന്ത്യന്‍സ് ഉടമ നീത അംബാനി മാത്രമാണ് സച്ചിനെ സന്ദര്‍ശിച്ചതും ബാബയുടെ മരണത്തില്‍ അനുശോചനം അറിയിച്ചതും.