സച്ചിന്‍റെ പേരില്‍ ഇനി മാമ്പഴവും

ന്യൂഡല്‍ഹി| WEBDUNIA|
PRO
റണ്‍‌മലയില്‍ നിന്ന് റണ്‍‌മലയിലേക്ക് കുതിക്കുന്ന സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ഇനി മധുരമൂറും മാമ്പഴവും. ലക്നൌവിലെ മലിഹാ‍ബാദില്‍ കര്‍ഷകനായ ഖലീമുള്ള ഖാനാണ് താന്‍ വികസിപ്പിച്ചെടുത്ത പുതിയ ഇനം മാമ്പഴത്തിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിട്ടിരിക്കുന്നത്.

ഖലീമുള്ള തന്നെ വികസിപ്പിച്ചെടുത്ത മധുരമൂറുന്ന ചൌസയും മാംസളതയുള്ള അമിന്‍ ഗുദാദും ചേര്‍ത്താണ് പുതിയ മാമ്പഴം വികസിപ്പിച്ചെടുത്തത്. സച്ചിനെപ്പോലെ ലോകത്ത് മറ്റൊരു കായികതാരവുമില്ലെന്നും അതിനാലാണ് പുതിയ മാമ്പഴത്തിന് ‘സച്ചിന്‍’ എന്ന് പേരിട്ടതെന്നും ഖലീമുള്ള പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മാങ്ങാ ഉല്‍പ്പാദകരാണ് ഇന്ത്യ. സച്ചിന്‍റെ ജന്‍‌മനാടായ മഹാരാഷ്ട്രയാവട്ടെ മാമ്പഴങ്ങളില്‍ സ്വാദേറിയ അല്‍‌ഫോണ്‍സൊ മാമ്പഴങ്ങളുടെ സ്വന്തം നാടും. സച്ചിന്‍റെ ജന്‍‌മാനാടായ മുംബൈ ആകട്ടെ ഫലങ്ങളുടെ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഈ മാമ്പഴത്തിന് സച്ചിന്‍റെ പേര് എന്തു കൊണ്ടും അനുയോജ്യമാണ്.

എന്നാല്‍ ‘സച്ചിന്‍ മാമ്പഴം’ വില്‍‌പ്പനയ്ക്കില്ലെന്ന് ഖലീമുള്ള പറയുന്നു. സച്ചിന്‍ ദേശീയ ഹീറോ ആണ്. അദ്ദേഹത്തിന് ഒരിക്കലും വിലയിടാനാവില്ല എന്നതു കൊണ്ടാണ് സച്ചിന്‍ മാമ്പഴങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാത്തതെന്നും ഖലീമുളള പറഞ്ഞു. സച്ചിന്‍ മാമ്പഴമുണ്ടാവുന്ന മാവിന്‍റെ തൈകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതുവഴി അവര്‍ക്ക് സച്ചിന്‍ മാമ്പഴത്തിന്‍റെ മധുരം പങ്കിടാമെന്നും ഖലീമുള്ള വ്യക്തമാക്കി.

പുതിയ 300 തരം മാമ്പഴങ്ങള്‍ ഉല്‍‌പ്പാദിപ്പിച്ചിട്ടുള്ള ഖലീമുള്ളയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഇനി ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടേ പേരിലുള്ള മാമ്പഴം നിര്‍മിക്കുകയാണ് തന്‍റെ ലക്‍ഷ്യമെന്നും ഖലീമുള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :