വെറ്റോറി മുന്നൂറാനായി

കൊളംബോ| WEBDUNIA|
PRO
ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്പിന്‍ ബൌളറുമായ ഡാനിയല്‍ വെറ്റോറിയും മുന്നൂറാന്‍മാരുടെ ക്ലബ്ബിലേക്ക്. ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍ നടന്ന ടെസ്റ്റിലാണ് വെറ്റോറി ടെസ്റ്റില്‍ മുന്നൂറ് വിക്കറ്റ് തികച്ചത്.

ടെസ്റ്റില്‍ മുന്നൂറ് ഇരകളെ തികയ്ക്കാന്‍ രണ്ട് വിക്കറ്റുകള്‍ കൂടിയാണ് വെറ്റോറിക്ക് വേണ്ടിയിരുന്നത്. ലങ്കന്‍ ഓപ്പണര്‍ തരംഗ പരണവിതാനയായിരുന്നു വെറ്റോറിയുടെ ഇരുനൂറ്റി തൊണ്ണൂറ്റിയൊമ്പതാം ഇര. 38 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത പരണവിതാനയെ വെറ്റോറി ടെയ്‌ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

കുമാര്‍ സംഗക്കാരയാണ് മുന്നൂറാമനായി വെറ്റോറിയുടെ വലയില്‍ കുടുങ്ങിയത്. സ്വീപ് ഷോട്ടിന് ശ്രമിച്ച സംഗക്കാരയെ ജേക്കബ് ഒറാം പിടികൂടുകയായിരുന്നു. മുന്നൂറാന്‍മാരുടെ ലിസ്റ്റില്‍ എട്ടാമനായാണ് വെറ്റോറി ഇരുപ്പുറപ്പിച്ചിരിക്കുന്നത്.

94 ടെസ്റ്റുകള്‍ വേണ്ടിവന്നു വെറ്റോറിക്ക് ഈ നേട്ടം കൊയ്യാന്‍. 97 ല്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ പതിനെട്ടാം വയസിലാണ് വെറ്റോറി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ മുന്നൂറ് വിക്കറ്റെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇടംകൈയ്യന്‍ സ്പിന്നറാ‍ണ് വെറ്റോറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :