വിവാദങ്ങളൊഴിയാതെ അക്തര്‍

കറാച്ചി| WEBDUNIA|
വിവാദങ്ങളുടെ കൂട്ടുകാരനായ പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷൊഐബ് അക്തര്‍ വിണ്ടും വിവാദനായകനാകുന്നു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വത്തിന് നേരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

ക്രിക്കറ്റ് രംഗത്ത് തങ്ങളുടെ താല്പര്യങ്ങളും ഇടുങ്ങിയ കാഴ്ചപ്പാടുകളും അടിച്ചേല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിലൂടെ അവര്‍ തന്നെയും രാജ്യത്തെയും പാകിസ്ഥാന്‍ ക്രിക്കറ്റിനെയും നശിപ്പിക്കുകയാണെന്നും അക്തര്‍ അഭിപ്രായപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും ഇനി പാകിസ്ഥാന് വേണ്ടി കളിക്കുമെന്നും ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ പാകിസ്ഥാന്‍ വിജയപാതയിലേക്ക് മടങ്ങി വരുമെന്നും അക്തര്‍ പറഞ്ഞിരുന്നു.

താരത്തിന്‍റെ പുതിയ പ്രസ്താവന അദ്ദേഹത്തിനെ ദോഷകരമായി ബാധിക്കുമെന്നാണ് പാകിസ്ഥാന്‍റെ മുന്‍ നായകനും ഭരണസമിതി അംഗവുമായ ഇന്തക്വാബ് ആലം പറയുന്നത്. മുംബൈയില്‍ നൃത്തപരിപാടിയില്‍ പങ്കെടുത്ത് ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം അക്തര്‍ ഇംഗ്ലണ്ടില്‍ കൌണ്ടി ക്രിക്കറ്റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആലം പറഞ്ഞു.

അതേ സമയം പാകിസ്ഥാനിലെ ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ പിസിബിയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഭരണസമിതിയുടെ കൈയ്യടി നേടാന്‍ അക്തര്‍ ഒരു മുഴം മുന്നേ എറിയുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :