വാറ്റ്‌മോറിനെ ഇന്‍സി പിന്താങ്ങുന്നു

കറാച്ചി| WEBDUNIA|
ഡെവ് വറ്റ്‌മോറിനെ പരിശീലകനാക്കാനുള്ള പിസിബിയുടെ തീരുമാനത്തെ ശ്ലാഘിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാ‍നുള്ള ഏറ്റവും നല്ല അവസരമാണ് വാറ്റ്‌മോറിനു ലഭിച്ചിരിക്കുന്നതെന്നാണ് മുന്‍ നായകന്‍റെ അഭിപ്രായം.

ഒസ്‌ട്രേലിയക്കാരായ മൂന്നുപരിശീലകരെ അഭിമുഖം നടത്തിയ പാകിസ്ഥാന്‍ ഈ ആഴ്ച അവസാനം പരിശീലകനെ സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി നടത്താനിരിക്കുകയാണ്. വാറ്റ്‌മോറിനൊപ്പം പിസിബി അഭിമുഖം നടത്തിയവര്‍ ജഫ് ലോസണും റിച്ചാര്‍ഡ് ഡണ്ണുമായിരുന്നു. മൂന്നു പേരെയും അഭിമുഖം നടത്തിയെങ്കിലും ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് വാറ്റ്‌മോറിനു തന്നെയാണ്.

“പരിശീലകനെ സംബന്ധിച്ച തീരുമാനത്തില്‍ അന്തിമ തീരുമാനം ബോര്‍ഡാണ് എടുക്കേണ്ടതെങ്കിലും വ്യക്തിപരമായി പറഞ്ഞാല്‍ വാറ്റ്മോര്‍ മികച്ച പരിശീലകനാണ്.” ഇന്‍സി വ്യക്തമാക്കി. മികച്ച പരിശീലകനാണ് താനെന്ന്‌ ഇതിനകം തെളിയിച്ചിരിക്കുന്ന വാറ്റ്‌മോര്‍ മികച്ച ഫലം ഉണ്ടാക്കിയ പരിശീലകനാണ്.

കരീബിയന്‍ ലോകകപ്പിനിടയില്‍ മരണമടഞ്ഞ പാകിസ്ഥാന്‍റെ മുന്‍ പരിശീലകന്‍ ബോബ് വുമറും നല്ല പരിശീലകനായിരുന്നു. ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ പരിശീലകനായിരുന്ന ബോബ് വുമര്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും മികച്ച ടീമാക്കി കൊണ്ടുവന്നതിലെ പങ്കിനെ ഇന്‍സി ചൂണ്ടിക്കാട്ടുന്നു.അതുകോണ്ട് തന്നെ എഷ്യന്‍ സാഹചര്യങ്ങലുമായി ഇഴുകിച്ചേരാന്‍ കഴിയുന്ന വാറ്റ്‌മോര്‍ തന്നെയാണ് പരിശീലക സ്ഥാനത്തിനു ഏറ്റവും അനുയോജ്യന്‍ ഇന്‍സി വ്യക്തമാക്കി.

യുവ നായകന്‍ ഷൊഹൈബ് മാലിക്കിനൊപ്പം ജോലി ചെയ്യാന്‍ കഴിയുമെന്നത് വാറ്റ്മോറിനു മികച്ച സംഭാവന നല്‍കാന്‍ ഇടയാക്കുമെന്നും ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നു. വാറ്റ്മോറിന്‍റെ പരിശീലന കാലയളവില്‍ മാലിക്കിനു മികച്ച നായകനായി ഉയരാനുള്ള സമയം ലഭിക്കുമെന്നും ഇന്‍സി പ്രതീക്ഷിക്കുന്നു. ഡ്രസ്സിംഗ് റൂമില്‍ ഒരു മികച്ച പരിശീലകന്‍റെ പിന്തുണ മാലിക്കിനു ഗുണം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :