ലോകത്തിന്റെ കണ്ണ് ഇനി ക്രീസിലാകും; 42 നാള്‍. പത്താം ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന നിര്‍വഹിച്ചു. വര്‍ണ വിസ്മയങ്ങളുടെയും സംഗീതരാവിന്റെയും മാസ്മരികത നിറഞ്ഞുതൂവിയ ബംഗബന്ധു സ്റ്റേഡിയത്തിലായിരുന്നു ലോകമാമാങ്കത്തിന് കൊടിയേറിയത്.
പ്രധാന ചടങ്ങിന് മുമ്പേ സംഗീതസായാഹ്നം ആരംഭിച്ചിരുന്നു. സ്വാഗതഗാനം ആലപിച്ചത് ഗായകന്‍ അബ്രാര്‍ ടിപ്പുവാണ്. 40 സംഗീതഞ്ജര്‍ ആലാപനത്തില്‍ അണിചേര്‍ന്ന്നു. സുള്‍ഫിക്കര്‍ റസ്സലാണ് ഈ ഗാനം രചിച്ചത്. സിംഫണി ഓഫ് കളേഴ്‌സ് എന്ന ഇനം ഇന്ത്യയും ദി പേള്‍ ഓഫ് ഇന്ത്യന്‍ ഓഷന്‍ എന്ന ഇനം ശ്രീലങ്കയും അവതരിപ്പിച്ചു.
ശങ്കര്‍ മഹാദേവന്റെ സ്വരമാധുരിയും ഉദ്ഘാടന വേദിയെ ഹരംകൊള്ളിച്ചു. ബോളിവുഡിലെ പ്രശസ്തരായ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ തീംസോംഗാണ് ശങ്കര്‍ മഹാദേവന്‍ ആലപിച്ചത്. ബംഗാളി, സിംഹളീസ്, ഹിന്ദി ഭാഷകളിലാണ് തീംസോംഗ് ചിട്ടപ്പെടുത്തിയിരുന്നത്.
പത്താമത് ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ആതിഥ്യമരുളുന്നത്. ആദ്യ മത്സരം ഫെബ്രുവരി 19ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ്. മിര്‍പൂരിലെ ഷെരി ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം 2.30നാണ് മത്സരം ആരംഭിക്കുക.