റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഉമര്‍ ഗുല്‍

ലണ്ടന്‍| WEBDUNIA|
ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്‍റി-20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് പാകിസ്ഥാന്‍റെ പേസ് ബൌളര്‍ ഉമര്‍ ഗുല്‍ ആയിരുന്നു. ഈ റെക്കോര്‍ഡ് രണ്ടാം ലോകകപ്പിലും കാത്തുസൂക്ഷിക്കുക എന്ന ലക്‍ഷ്യവുമായാണ് ഉമര്‍ ഗുല്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഇരുപതഞ്ചുകാരനായ ഗുല്‍ കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റ് നേടിയിരുന്നു.

അന്താരാഷ്ട്ര ട്വന്‍റി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ഉമര്‍ ഗുല്‍ തന്നെയാണ്. 14 മത്സരങ്ങളില്‍ നിന്നായി ഗുല്‍ 24 വിക്കറ്റ് കരസ്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്‍റി-20 കരിയറില്‍ എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയതാണ് ഉമര്‍ ഗുലിന്‍റെ മികച്ച പ്രകടനം. ഓസ്ട്രേലിയക്കെതിരെ ദുബായിയില്‍ നടന്ന മത്സരത്തിലാണ് ഗുല്‍ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം പുറത്തെടുത്തത്. അന്താരാഷ്ട്ര ട്വന്‍റി-20യിലെ രണ്ടാമത്തെ മികച്ച ബൌളിംഗ് പ്രകടനം കൂടിയാണിത്. ന്യൂസിലാന്‍ഡിന്‍റെ മാര്‍ക് ഗില്ലസ്പി ഏഴ് റണ്‍സിന് നാലു വിക്കറ്റ് നേടിയതാണ് ഒന്നാമത്.

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുല്‍ പറഞ്ഞു. ട്വന്‍റി-20 യില്‍ പന്തെറിയുക എന്നത് വന്‍ വെല്ലുവിളിയാണെന്നും ആ വെല്ലുവെളി മറിക്കടക്കുക എന്നത് മാത്രമാണ് തന്‍റെ ലക്‍ഷ്യമെന്നും ഉമര്‍ ഗുല്‍ പറഞ്ഞു. ഉമര്‍ ഗുലിന് പുറമെ ശുഹൈബ് തന്‍‌വീര്‍, ഇഫിതിക്കര്‍ റാവു, യാസിര്‍ അറഫാത്ത് എന്നിവര്‍ കൂടി ചേരുന്നതോടെ പാക് ബൌളിംഗ് നിര ശക്തമാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :