രണ്ടാം ഏകദിനത്തില്‍ ഒരു റണ്ണിന്‍റെ ജയം

ജൊഹന്നാസ്ബര്‍ഗ്‌| WEBDUNIA|
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ മേല്‍ അപ്രതീക്ഷിതവിജയം. ആവേശം മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു റണ്ണിന്‍റെ നാടകീയ വിജയമായിരുന്നു ഇന്നലെ ജോഹന്നാസ്ബര്‍ഗ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 47.2 ഓവറില്‍ 190 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി.

ആതിഥേയരുടെ മറുപടി ബാറ്റിംഗ് 43 ഓവറില്‍ 189 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായത് അവിശ്വസനീയ ജയം. ഇന്ത്യയുടെ മുനാഫ് പട്ടേലാണ് മാന്‍ ഓഫ് ദ് മാച്ച്. ഓ‍പ്പണര്‍മാരായ സ്മിത്ത്‌, അംല എന്നിവരുടേതു കൂടാതെ നാല്പത്തിമൂന്നാമത്തെ ഓ‍വറില്‍ നിര്‍ണായകമായ രണ്ടുവിക്കറ്റുകള്‍ കൂടി നേടിയതാണ് മുനാഫ് പട്ടേലിനെ മാന്‍ ഓഫ് ദ് മാച്ച് ആക്കിയത്. കളിയില്‍ ഇന്നലെ വഴിത്തിരിവായതും മുനാഫ് പട്ടേല്‍ എറിഞ്ഞ നാല്പത്തിമൂന്നാം ഓവര്‍ ആയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ മൂന്നു റണ്‍ കൂടി വേണ്ടിയിരിക്കെ രണ്ടാം പന്തില്‍ മോണ്‍ മോര്‍ക്കലിനെ പോയിന്‍റില്‍ സബ്സ്റ്റിറ്റിയൂട്ട്‌ യുസഫ്‌ പഠാന്‍ പിടിച്ചു. പകരമെത്തിയ സോട്സോബ ഒരു റണ്‍ നേടി ഏറെനേരമായി ക്രീസിലുള്ള പാര്‍ണലിനു സ്ട്രൈക്ക്‌ നല്‍കി. മുനാഫ്‌ പട്ടേലിന്‍റെ അവസാന പന്ത്‌ കട്ടു ചെയ്‌ത പാര്‍ണലിനു പിഴച്ചു. പന്ത്‌ നേരെ യുവരാജിന്‍റെ കൈകളില്‍. ഇന്ത്യ കാത്തിരുന്ന അവിശ്വസനീയ വിജയം. ഇതോടെ അഞ്ചു കളികളുടെ പരമ്പര 1-1 എന്ന നിലയിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :