യൂനിസിന് ഒന്നാം റാങ്ക്

ദുബായ്| WEBDUNIA|
കറാച്ചിയിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ബലത്തില്‍ പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. വെസ്റ്റിന്‍ഡീസിന്‍റെ ശിവനാരായണ്‍ ചന്ദര്‍പോളിനെ പിന്തള്ളിയാണ് യൂനിസ് ഒന്നാമനായത്. ഇന്ത്യയില്‍ നിന്നും ഗൌതം ഗംഭീര്‍ മാത്രമാണ് ആദ്യപത്തില്‍ ഇടം നേടിയിട്ടുള്ളത്.

ഇതാദ്യമായാണ് യൂനിസ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ചന്ദര്‍പോള്‍ രണ്ടാം സ്ഥാനത്തും ലങ്കയുടെ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാ‍നത്തുമാണ്. മൂന്നാം സ്ഥാനത്തായിരുന്ന ഓസീസിന്‍റെ മൈക്കല്‍ ക്ലാര്‍ക്ക് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കറാച്ചിയില്‍ ഇരട്ട സെഞ്ച്വറി നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ നാ‍ലാം സ്ഥാനത്താണ്. ജയവര്‍ധനെയ്ക്കൊപ്പം ഇരട്ടസെഞ്ച്വറി നേടിയ തിലന്‍ സമരവീര റാങ്കിംഗ് മെച്ചപ്പെടുത്തി ഇരുപത്തിമൂന്നാം സ്ഥാനത്തെത്തി. കറാച്ചിയില്‍ സെഞ്ച്വറി നേടിയ കമ്രാന്‍ അക്മലിനും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ഇരുപത്തിയേഴാം സ്ഥാനത്താണിപ്പോള്‍ സമരവീര.

കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരെ ഒന്നാമിന്നിംഗ്സില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് യൂനിസിന് സ്ഥാനക്കയറ്റം നല്‍കിയത്. 13 മണിക്കൂറോളം യൂനിസ് ക്രീസില്‍ നിന്നിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പാകിസ്ഥാന്‍ താരമാണ് യൂനിസ്.

ബൌളര്‍മാരില്‍ മുത്തയ്യ മുരളീധരന്‍ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്ന്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്. പാകിസ്ഥാനെതിരായ മോശം പ്രകടനം ലങ്കന്‍ ബൌളര്‍മാരെ റാങ്കിംഗില്‍ പിന്നോട്ടുതള്ളി. ചാമിന്ദാവാസിനും അജന്ത മെന്‍ഡിസിനും റാങ്കിംഗ് മെച്ചപ്പെടുത്താനായില്ല. വാസ് പത്താം സ്ഥാനത്തും മെന്‍ഡിസ് ഇരുപത്തിമൂന്നാം സ്ഥാനത്തും ആണിപ്പോള്‍.

ഓള്‍ റൌണ്ടര്‍മാരുടെ റാങ്കിംഗില്‍ കാ‍ര്യമായ മാറ്റമുണ്ടായിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് ഒന്നാമതും ന്യൂസിലാന്‍സ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്‍റെ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് മൂന്നാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :