യുവരാജിന് സെഞ്ച്വറി, കോഹ്‌ലിക്ക് അര്‍ധസെഞ്ച്വറി, ഇന്ത്യക്ക് 268
ചെന്നൈ|
WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് വിഭാഗത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് 269 റണ്‍സിന്റെ വിജയലക്‍ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 268 റണ്‍സിന് പുറത്താകുകയായിരുന്നു. യുവരാജ് സിംഗിന്റെ സെഞ്ച്വറിയുടെയും (113) വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയുടെയും(59) മികവിലാണ് ഇന്ത്യക്ക് ഈ സ്കോറില്‍ എത്താനായത്. വാലറ്റം ഇത്തവണയും പരാജയമായിരുന്നു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദ്ര സെവാഗിന്റെ അഭാവത്തില്‍ ഗംഭീറാണ് സച്ചിനൊപ്പം ഓപ്പണിംഗ് ഇറങ്ങിയത്. മുന്‍മത്സരങ്ങളിലെന്ന പോലെ ഇന്ത്യക്ക് ഇന്ന് മികച്ച തുടക്കമായിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറെ(2) തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടമായി. രാംപോളിന്റെ പന്തില്‍ സച്ചിന്‍ തോമസിന് ക്യാച്ച് നല്‍കുകയായിരുന്നു. 26 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികള്‍ ഉള്‍പ്പടെ 22 റണ്‍സെടുത്ത ഗൌതം ഗംഭീറിനെയും പുറത്താക്കിയത് രാപോളാണ്. റസലിന് ക്യാച്ച് നല്‍കിയാണ് ഗംഭീര്‍ പുറത്തായത്.
പിന്നീട് വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിംഗ് ഉയര്‍ത്തുകയായിരുന്നു. 76 പന്തുകളില്‍ നിന്ന് അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെ 59 റണ്‍സ് എടുത്താണ് കോഹ്‌ലി പുറത്തായത്. നാലാമനായി സ്ഥാനക്കയറ്റം കിട്ടിയ യുവരാജ് സിംഗ് തകര്‍പ്പന്‍ ഫോമിലായിരുന്നു. 123 പന്തുകളില്‍ നിന്ന് 10 ബൌണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പടെയാണ് യുവരാജ് 113 റണ്‍സ് എടുത്തത്.
നായകന്‍ ധോണി 30 പന്തുകളില്‍ നിന്ന് ഒരു ബൌണ്ടറിയുള്‍പ്പടെ 22 റണ്‍സ് എടുത്തു. ബിഷൂവാണ് ധോണിയെ പുറത്താക്കിയത്. റെയ്‌ന(4), യൂസഫ് പത്താന്‍(11), ഹര്‍ഭജന്‍( 3) സഹീര്‍ ഖാന്‍(5), മുനാഫ് പട്ടേല്‍(4), ആര്‍ അശ്വിന്‍( പുറത്താകാതെ 10) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവനകള്‍.