ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ലളിത് മോഡി സുപ്രിം കോടതിയെ സമീപിച്ചേക്കില്ലെന്ന് സൂചന. ഇന്ന് ന്യൂഡല്‍ഹിയിലെത്തി പ്രമുഖ അഭിഭാഷകരുമായി മോഡി ചര്‍ച്ച നടത്തിയിരുന്നു. ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മോഡിയോട് ആവശ്യപ്പെട്ടിരുന്നത്.
ഇതിനു മുന്നോടിയായി അദ്ദേഹം മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരമാണ് മോഡി നിയമനടപടിയില്‍ നിന്ന് പിന്‍മാറിയതെന്നും സൂചനയുണ്ട്. ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ മോഡിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും എന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ഒന്നുമില്ല...ഒന്നുമില്ല എന്ന് പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ക്ഷുഭിതനായ മോഡി എന്നെ തടയാതെ എന്‍റെ കാറിനടുത്തേക്ക് പോകാന്‍ സമ്മതിക്കു. എന്തിനാണ് എന്നെ തടയുന്നത്, നിങ്ങള്‍ക്ക് കുറച്ചു കൂടി മാന്യതയോടെ പെരുമാറിക്കൂടെ എന്ന് ചോദിച്ച് മുന്നോട്ട് പോയി.