മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (09:17 IST)
ആദ്യ രണ്ട് ഐ പി എല്‍ ടൂര്‍ണമെന്റുകളിലും മോശം പ്രകടനം കാഴ്ചവച്ച മുംബൈ ഇന്ത്യന്‍സ് മൂന്നാം ടൂര്‍ണമെന്റില്‍ ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 35 റണ്‍സിനാണ് മുംബൈ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 149 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ.

തുടക്കത്തില്‍ തന്നെ നായകന്‍ സച്ചിനും ധവാനും പുറത്തായെങ്കിലും മധ്യനിര നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയ്ക്ക് ജയമൊരുക്കി. പുറത്താകാതെ 52 റണ്‍സ് നേടിയ സൗരഭ്‌ തിവാരിയും 40 റണ്‍സടിച്ച അമ്പാട്ടി റായ്‌ഡുവും മികച്ചു നിന്നപ്പോള്‍ 13 പന്തില്‍ 33 റണ്‍സ് വാരിക്കൂട്ടി കെറോണ്‍ പൊള്ളാഡ്‌ ഒരിക്കല്‍ കൂടി കത്തിക്കയറി.

അവസാന അഞ്ച് ഓവറില്‍ നേടിയത് 77 റണ്‍സാണ് പിറന്നത്. പൊള്ളാഡും തിവാരിയും ചേര്‍ന്ന്‌ ആറാം വിക്കറ്റില്‍ 14 പന്തില്‍നിന്ന്‌ 40 റണ്‍സ് നേടി. ധവാന്‍ റണ്ണൌട്ടായശേഷം വണ്‍ഡൌണായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ മലയാളി താരം നായരും റായിഡുവും 39 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

കൂറ്റന്‍ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗ് തുടങ്ങിയ ബാംഗ്ലൂരിന് ജാക് കാലിസ് (11), രാഹുല്‍ ദ്രാവിഡ് (23), കെവിന്‍ പീറ്റേഴ്സണ്‍ (19), റോബിന്‍ ഉത്തപ്പ (26), വിരാട് കോഹ്ലി (ഒമ്പത്), മനീഷ് പാണ്ഡെ (അഞ്ച്) എന്നിവരെല്ലാം ചെറുത്തുനില്‍ക്കാതെ മടങ്ങി. റോസ് ടെയ്‌ലര്‍ ( പുറത്താകാതെ 31) പിടിച്ചുനിന്നെങ്കിലും ജയിപ്പിക്കാനായില്ല. പൊള്ളാര്‍ഡ് മൂന്നും ഹര്‍ഭജന്‍ രണ്ട് വിക്കറ്റും നേടി. പൊള്ളാര്‍ഡാണ് കളിയിലെ കേമന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :