മഹാമേരുവായി മക്‍കല്ലം; ഇന്ത്യ വീണ്ടും തോറ്റു

വെല്ലിംഗ്ടണ്‍| WEBDUNIA|
ആവേശം അവസാന പന്ത് വരെ നീണ്ട രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്കും ജയത്തിനുമിടയില്‍ മഹാമേരുവായി മക്‍കല്ലം നിന്നതോടെ ന്യൂസിലന്‍ഡിന്‌ തുടര്‍ച്ചയായ രണ്ടാം ജയം. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ധോണിപ്പടയുടെ തുടര്‍ച്ചയായ രണ്ടാം പരാജയവും.

ജയിക്കാന്‍ 150 റണ്‍സ്‌ എന്ന ലക്‍ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ്‌ അവസാന പന്തിലാണ് ലക്‍ഷ്യം കണ്ടത്. 69 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ബ്രണ്ടന്‍ മക്‍കല്ലം ഒരിക്കല്‍ കൂടി കീവികളുടെ വിജയശില്‍പിയായി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 149/6, ന്യൂസിലന്‍ഡ് 20 ഓവറില്‍ 150/5.

ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. ആദ്യ മുന്നു പന്തിലും ഓരോ റണ്‍ നേടാനേ കീവീസിനായുള്ളു. എന്നാല്‍ അടുത്ത രണ്ടു പന്തും അതിര്‍ത്തികടത്തി മക്‍കല്ലം ഇന്ത്യന്‍ ആവേശമണച്ചു.

അവസാന പന്തില്‍ ജയത്തിലേക്ക് ഒരു റണ്‍ വേണമെന്നിരിക്കെ മക്‍കല്ലം ഉയര്‍ത്തി അടിച്ച പന്ത് മിഡോഫില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ നിന്ന് ചോര്‍ന്നതോടെ കിവിപ്പക്ഷികളുടെ ചിറകരിയാമെന്ന ഇന്ത്യന്‍ മോഹം വ്യര്‍ത്ഥമായി. കൂനിന്‍‌മേല്‍ കുരു പോലെ ഇഷാന്ത് ശര്‍മയ്ക്കേറ്റ പരിക്ക് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 149 റണ്‍സ്‌ നേടി. ആദ്യകളിയില്‍ ആറടിക്കാനുള്ള അമിതാവേശമാണ് വിനയായതെങ്കില്‍ അമിത ശ്രദ്ധയാണ് ഇന്ന് ഇന്ത്യയെ തോല്‍‌വിയിലേക്ക് നയിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍‌മാര്‍ കെട്ട് പൊട്ടിച്ച് പുറത്ത് ചാടാനൊരുങ്ങിയപ്പോഴൊക്കെ വിക്കറ്റ് വീഴ്ത്തി കീവി ബൌളര്‍മാര്‍ കടിഞ്ഞാണിട്ടു.

യുവരാജിന്‍റെ(34 പന്തില്‍ 50) അര്‍ധസെഞ്ചുറിയും സേവാഗ് മിന്നല്‍ വേഗത്തില്‍ നേടിയ 24 റണ്‍സും ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചെങ്കിലും നായകന്‍ ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യന്‍ ആവേശം തണുപ്പിച്ചു. 30 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും 13 പന്തില്‍ 15 റണ്‍സെടുത്ത പത്താനും പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :