കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഔട്ട് ഫീല്‍ഡില്‍ നനവുണ്ടായതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. ഇതോടെ രണ്ടാം മത്സരം ജയിച്ച ഇന്ത്യ പരമ്പര നേടി. കൊച്ചിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനവും മഴകാരണം ഉപേക്ഷിച്ചിരുന്നു.
വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയും കനത്ത മഴ പെയ്തിരുന്നു. ഞായറാഴ്ച രാവിലെ 11 മണിക്കും 12.15നും പിച്ച് പരിശോധിച്ച് കളി ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ടിക്കറ്റിന്റെ പണം തിരിച്ചുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
1979ന് ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത്. 1979-80 സീസണില്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് ഒരു മത്സരവും ജയിക്കാനായിരുന്നില്ല. 24 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍മണ്ണില്‍ ഏകദിനപരമ്പര അടിയറവ് വെക്കുന്നതും മൈക്കല്‍ ക്ലാര്‍ക്കിനും സംഘത്തിനും നാണക്കേടായിരിക്കുകയാണ്.