തനിക്കിപ്പോഴും മധ്യനിര ബാറ്റിംഗിനോടാണ് താല്‍പര്യമെന്ന് വീരേന്ദര്‍ സേവാഗ്. ഒരവസരം കിട്ടിയാല്‍ മധ്യനിരയിലെ ദൌത്യം താന്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും ഇന്ത്യയുടെ ഓപ്പണര്‍ കൂടിയായ സേവാഗ് പറഞ്ഞു. തന്നെ മധ്യനിരയിലേക്ക് മാറ്റണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ സേവാഗ് മധ്യനിര ബാറ്റ്സ്മാനായിരുന്നു. ഓപ്പണറായ ശേഷം ടീം മാനേജ്മെന്‍റ് ഏല്‍പിച്ച ദൌത്യം നിര്‍വ്വഹിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളു. എന്നാല്‍ ഓപ്പണറുടെ ഉത്തരവാദിത്തത്തെ താന്‍ സ്നേഹിക്കുന്നുവെന്നും വീരു കൂട്ടിച്ചേര്‍ത്തു.
41.55 ആയിരുന്നു സേവാഗിന്‍റെ മധ്യനിര ബാറ്റിംഗ് ശരാശരി. എന്നാല്‍ ഓപ്പണറായി 51.21 ആണ് വീരുവിന്‍റെ ബാറ്റിംഗ് ശരാശരി.
ഗംഭീറുമൊത്തുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് താന്‍ ആസ്വദിക്കുന്നുണ്ടെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു. തന്‍റെ ബാറ്റിംഗ് ഇന്ത്യയ്ക്കകത്തും പുറത്തും ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതില്‍ അഭിമാനമുണ്ടെന്നും സേവാഗ് പറഞ്ഞു.