ബോളിവുഡിനെ മോഹന്‍‌ലാല്‍ ടീം കീഴടക്കി

കൊച്ചി| WEBDUNIA|
PRO
PRO
മോഹന്‍‌ലാലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ് സുനില്‍ ഷെട്ടിയുടെ മുംബൈ ഹീറോസിനെ തകര്‍ത്തുവിട്ടു. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ തകര്‍ത്തത്. രാജീവ് പിള്ളയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെയും ( പുറത്താകാതെ 75) ബിനീഷ് കോടിയേരിയുടെ (നാല് വിക്കറ്റ്‌) മികച്ച ബൌളിംഗിന്റെയും പിന്‍‌ബലത്തിലാണ് കേരളം തകര്‍പ്പന്‍ വിജയം നേടിയത്.

ആദ്യം മുംബൈ ഹീറോസ് ആയിരുന്നു ബാറ്റ് ചെയ്തത്. ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 128 റണ്‍സ് ആണ് നേടിയത്. വരുണ്‍ ബദോല (25), ഷബീര്‍ (25), ദല്‍ഗ (16), റിതേഷ് (15) എന്നിങ്ങനെയാണ് മുംബൈ ഹീറോസ് ബാറ്റ്‌സ്മാന്‍‌മാരുടെ സ്കോറുകള്‍.

കേരളത്തിന് വേണ്ടി ബിനീഷ് കോടിയേരിക്ക് പുറമെ ഉണ്ണി മുകുന്ദനും സൈജു കുറുപ്പും (ഇരുവരും രണ്ട് വിക്കറ്റ് വീതം) ബൌളിംഗില്‍ തിളങ്ങി. ഫീല്‍ഡിംഗിലും മികച്ച പ്രകടനമാണ് കേരള സ്ട്രൈക്കേഴ്സ് നടത്തിയത്. അവസാന ഓവറില്‍ മണിക്കുട്ടന്‍ എടുത്ത ക്യാച്ച് അന്താരാഷ്ട്രതലത്തിലുള്ളതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 129 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന കേരള സ്ട്രൈക്കേഴ്സ് ഓപ്പണര്‍മാര്‍ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു നടത്തിയത്. ഓരോ ബോളും ശ്രദ്ധാപൂ‍ര്‍വം നേരിട്ട രാജീവ് പിള്ളയെയും നവീന്‍ പോളിയെയും (പുറത്താകാതെ 16) ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈ ഹീറോയ്ക്ക് കഴിഞ്ഞില്ല. 63 ബോളില്‍ എട്ട് ബൌണ്ടറിയടക്കം 75 റണ്‍സ് രാജീവ് പിള്ള നേടിയപ്പോള്‍ 38 ബോളില്‍ 16 റണ്‍സ് നേടി നവീന്‍ പോളി മികച്ച പിന്തുണ നല്‍കി. സിസിഎല്ലില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജീവ് നേടിയത്.

താരക്രിക്കറ്റിന് സാക്‍ഷ്യം വഹിക്കാന്‍ പ്രമുഖരടക്കം അമ്പതിനായിരത്തോളം പേരാണ് നെഹ്രു സ്റ്റേഡിയത്തിലെത്തിയത്. കേരള ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മെഗാതാരം മമ്മൂട്ടി, മുകേഷ്, മന്ത്രി ഗണേശ് കുമാര്‍, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, എസ് ശ്രീശാന്ത് ലക്ഷ്‌മി റായ്, ഭാവന, പ്രിയാ മണി തുടങ്ങിയവര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

മറ്റൊരു മത്സരത്തില്‍ ബംഗാള്‍ ടീം ചെന്നൈ റൈനോസിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :