ബിസിസിഐയെ ന്യായീകരിച്ച് യുവരാജ്

ബാംഗ്ലൂര്‍| WEBDUNIA|
PRO
ഏഷ്യന്‍ ഗെയിംസിന് ക്രിക്കറ്റ് ടീമുകളെ അയക്കേണ്ടെന്ന തീരുമാനത്തെ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ന്യായീകരിച്ചു. കളിക്കാര്‍ ഇപ്പോള്‍ തന്നെ ഒരുപാട് ക്രിക്കറ്റ് കളിച്ചു കഴിഞ്ഞുവെന്നും അതിനാല്‍ ബി സി സി ഐ ഇപ്പോള്‍ എടുത്ത നിലപാട് ശരിയാണെന്നും യുവരാജ് പറഞ്ഞു. അതേസമയം വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് തയ്യാറായില്ല.

നേരത്തെ ബി സി സി ഐ നിലപാടിനെ ഇന്ത്യന്‍ വനിതാ ബോക്സിംഗ് ലോക ചാമ്പ്യന്‍ മേരി കോം നിശിതമായി വിമര്‍ശിച്ചു. മെഡലുകളിലല്ല പണത്തില്‍ മാത്രമാണ് ബി സി സി ഐയ്ക്ക് താല്‍‌പ്പര്യമെന്ന് മേരി കോം പറഞ്ഞു. അത്‌ലറ്റുകള്‍ മെഡലുകള്‍ നേടുന്നതില്‍ അഭിമാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പണമുണ്ടാക്കുന്നതിലാണ് അഭിമാനിക്കുന്നതെന്നും മേരി കോം പറഞ്ഞു.

കായിക മന്ത്രി എം എസ് ഗില്ലും ബി സി സി ഐ നിലപാടിനെ വിമര്‍ശിച്ചു. എങ്കിലും ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികമേളകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തരുതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗില്‍ പറഞ്ഞു. മറ്റു രാജ്യാന്തര മല്‍സരങ്ങള്‍ ഉള്ളതിനാല്‍ ചൈനയില്‍ നവംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്‌ ഇന്ത്യയുടെ പുരുഷ- വനിതാ ടീമുകളെ അയക്കില്ലെന്ന് ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായാണ്‌ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്തുന്നത്‌. ടീമുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള അവസാന തീയതി മേയ്‌ 31 ആയിരുന്നു. ന്യൂസിലന്‍ഡ്‌ ടീമിന്റെ പര്യടനം നിശ്ചയിച്ചിട്ടുള്ളതിനാലാണ്‌ പുരുഷ ടീമിനെ അയയ്ക്കാത്തത്‌. രാജ്യത്തിനുള്ള രണ്ടു മെഡല്‍ സാധ്യത നഷ്ടമാക്കി സാമ്പത്തികവശം മാത്രം പരിഗണിക്കുന്ന ബി സി സി ഐ നിലപാടിനെതിരെ രാജ്യത്തെ കായികരംഗത്ത് അമര്‍ഷം പുകയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :