ബദരീനാഥും, മിഥുനും, സാഹയും ടീമില്‍

മുംബൈ| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ടീമിലെത്തിയ കര്‍ണാടക പേസര്‍ അഭിമന്യു മിഥുനും ബംഗാള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ടീമിലെ പുതുമുഖങ്ങള്‍.

തമിഴ്നാട് താരം എസ് ബദരീനാഥ് മധ്യനിരയില്‍ ഇടം പിടിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കിടെ പരുക്കേറ്റ ദ്രാവിഡ് യുവരാജ്, ശ്രീശാന്ത് എന്നിവരെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്നൊഴിവാക്കി. വി വി എസ് ലക്ഷമണെ പതിനഞ്ചംഗ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത മാസം ആറിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ബംഗ്ലാ‍ദേശിനെതിരായ പരമ്പരയില്‍ പുറം വേദനമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന നായകന്‍ ധോണിയ്ക്ക് ‘കവര്‍’ എന്ന നിലയിലാണ് സാഹയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ദിനേഷ് കാര്‍ത്തിക്കിന് പകരമാണ് സാഹ ടീമിലെത്തിയത്.

2009-10 രഞ്ജി സീസണില്‍ അഞ്ചു കളികളില്‍ നിന്നായി 39.75 റണ്‍സ് ശരാശരിയില്‍ 318 റണ്‍സാണ് സാഹയുടെ സമ്പാദ്യം. കഴിഞ്ഞ രഞ്ജി സീസണില്‍ 23.23 റണ്‍സ് ശരാശരിയില്‍ 47 വിക്കറ്റെടുത്താണ് മിഥുന്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൌളറായത്. പ്രസിഡന്‍റ്സ് ഇലവനെതിരായ ദ്വിദിന മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മയാണ് നായകന്‍.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: മഹേന്ദ്രസിങ്‌ ധോണി, വീരേന്ദ്ര സേവാഗ്‌, ഗൗതം ഗാംഭിര്‍, എസ്‌. ബദരീനാഥ്‌, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ്‌, സഹീര്‍ ഖാന്‍, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒാ‍ജ, ഇഷാന്ത്‌ ശര്‍മ, എം. വിജയ്‌, സുദീപ്‌ ത്യാഗി, അഭിമന്യു മിഥുന്‍, വൃദ്ധിമാന്‍ സാഹ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :