ബംഗാള്‍ കടുവ’ ബംഗ്ലാദേശിലേക്ക് ചുവടുവയ്ക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി ബംഗ്ലാദേശ് ടീമിനു വേണ്ടി ബാറ്റുയര്‍ത്തുമോ? ആശയക്കുഴപ്പം വേണ്ട, ഗാംഗുലി ബംഗ്ലാദേശിനു വേണ്ടി ബാറ്റുയര്‍ത്തിയാല്‍ അത് കളിക്കാന്‍ വേണ്ടിയായിരിക്കില്ല, ബാറ്റിംഗ് പഠിപ്പിക്കാന്‍ വേണ്ടിയായിരിക്കും. ബാറ്റിംഗ് പരിശീലകനാവാന്‍ വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ക്ഷണം ഗാംഗുലി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഗാംഗുലിയുടെ ബാറ്റിംഗ് വൈദഗ്ധ്യം തങ്ങളുടെ കളിക്കാര്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) മനസ്സിലിരുപ്പ്. ഇക്കാര്യം ബോര്‍ഡ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ ഗാംഗുലിക്ക് ഇതു സംബന്ധിച്ച കത്ത് അയയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗാംഗുലിയുടെ തന്ത്രങ്ങള്‍ തങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് ശക്തി പകരുമെന്ന് ബിസിബി ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യാഴാഴ്ച പറഞ്ഞു. ബംഗ്ലാദേശിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പും ബിസിബി ഗാംഗുലിയെ സമീപിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗാംഗുലി ഓഫര്‍ നിരസിക്കുകയായിരുന്നു.

ബിസിബിയുടെ ആവശ്യം ഗാംഗുലി ഇനി പൂര്‍ണമായി തള്ളിക്കളയില്ല എന്നാണ് സൂചന. മുഴുവന്‍ സമയ പരിശീലകനായില്ല എങ്കിലും ഈ ‘ബംഗാള്‍ കടുവ’ ബംഗ്ലാദേശിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :