ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക നേടിയെങ്കിലും അഭിമാനം മുറിപ്പെട്ട ഇന്ത്യ പരമ്പര സ്വന്തമാക്കുക എന്ന ലക്‌ഷ്യത്തോടെയാകും ഏകദിനങ്ങള്‍ക്ക് ഇറങ്ങുകയെന്ന് ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ മുന്നറിയിപ്പ്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ടെസ്റ്റുകളില്‍ ഇന്ത്യക്ക് ജയസൂര്യയെ നേരിടേണ്ടി വന്നില്ലെങ്കിലും ഏകദിന മത്സരങ്ങളില്‍ ലങ്കയുടെ ബാറ്റിങ്ങിന്‍റെ അമരക്കാരനായിരിക്കും ഈ ഓപ്പണര്‍. അഭിമാനം മുറിവേറ്റ ഇന്ത്യ വിജയം ലക്‌ഷ്യമിട്ട് ഇറങ്ങുമ്പോള്‍ ലങ്കയ്ക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നും ജയസൂര്യ വ്യക്തമാക്കി. ഒരു പരമ്പരയിലെ പരാജയത്തിന്‍റെ പേരില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ എഴുതി തള്ളരുതെന്ന് പറഞ്ഞ ജയസൂര്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയ വിരേന്ദ്ര സെവാഗിനെ പ്രശംസിക്കുകയും ചെയ്തു.
ടെസ്റ്റുകളില്‍ നിന്ന് വിരമിച്ച ജയസൂര്യ എന്നാല്‍ ഏകദിനങ്ങളില്‍ ശക്തമായ സാനിധ്യമായി തുടരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സച്ചിന്‍ നയിച്ച് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച ജയസൂര്യ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എന്നാല്‍ അടുത്തയിടെ മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്തതിനാല്‍ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത് കടുത്ത വെല്ലുവിളിയാണെന്നും ഇത് നേരിടാന്‍ താന്‍ തയാറാണെന്നും ജയസൂര്യ വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് ഇന്ത്യയും ലങ്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.