ജോഹന്നാസ്ബെര്‍ഗ്|
WEBDUNIA|
Last Modified ചൊവ്വ, 22 സെപ്റ്റംബര്‍ 2009 (12:50 IST)
PRO
ഇംഗ്ലണ്ടുമായി നടന്ന ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പര നീണ്ടുപോയെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ആഷസ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ അതേ ടീമുമായി ഏഴ് മത്സരങ്ങള്‍ നിശ്ചയിച്ചതിനെ ഓസ്ട്രേലിയന്‍ മുന്‍ താരങ്ങള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ കുറ്റപ്പെടുത്തി പോണ്ടിംഗും രംഗത്തെത്തിയത്.
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി എല്ലാ ടീമും പരിശീലന മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ എത്താന്‍ തന്നെ വൈകിയതായി പോണ്ടിംഗ് ചൂണ്ടിക്കാട്ടി. പരിശീലന മത്സരങ്ങള്‍ നടന്നപ്പോള്‍ പരമ്പര അവസാനിപ്പിക്കുന്ന തിരക്കിലും സമ്മര്‍ദ്ദത്തിലുമായിരുന്നു ഓസ്ട്രേലിയ എന്ന് പോണ്ടിംഗ് ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര ഞായറാഴ്ചയാണ് അവസാനിച്ചത്. പരമ്പരയിലെ ആറ് മത്സരങ്ങളും ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു. പരമ്പരയില്‍ വന്‍ വിജയം നേടിയെങ്കിലും താരങ്ങള്‍ വിശ്രമമില്ലാതെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയതെന്ന് പോണ്ടിംഗ് ചൂണ്ടിക്കാട്ടി.