സൌരവ് ഗാംഗുലിയെ മറികടക്കാന്‍ മഹേന്ദ്രസിംഗ് ധോണിക്ക് സുവര്‍ണാവസരം. ക്യാപ്ടന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിജയത്തിലേക്ക് നയിച്ചതില്‍ ഗാംഗുലിക്കുള്ള റെക്കോര്‍ഡ് മറികടക്കാന്‍ ബുധനാഴ്ച ധോണിക്ക് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനമാണ് ഗാംഗുലിക്കുള്ളത്. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ പി സി എ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഗാംഗുലിയെ മറികടന്ന് ധോണി രണ്ടാം സ്ഥാനത്തെത്തും.
90 കളികളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് അസ്‌ഹറുദ്ദീനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഗാംഗുലി 76 കളികളില്‍ ഇന്ത്യയെ വിജയപീഠത്തിലിരുത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ വിജയത്തോടെ ധോണിയും 76 വിജയങ്ങള്‍ സ്വന്തമാക്കി ഗാംഗുലിക്കൊപ്പം എത്തിയിരുന്നു.
എന്നാല്‍ അസ്‌ഹറിനെക്കാളും ഗാംഗുലിയെക്കാളും ശതമാനക്കണക്കില്‍ മുന്നില്‍ ധോണിയാണ്. 133 മത്സരങ്ങളില്‍ 76 കളികളിലാണ് ഇന്ത്യയെ ധോണി വിജയത്തിലേക്ക് നയിച്ചത്. വിജയശതമാനം 62. അസ്‌ഹര്‍ 174 കളികളില്‍ നിന്നാണ് 90 എണ്ണം വിജയിപ്പിച്ചത്. വിജയശതമാനം 54.16. ഗാംഗുലിയാകട്ടെ 146 കളികളില്‍ ഇന്ത്യയെ നയിച്ചപ്പോഴാണ് 76 വിജയങ്ങള്‍ ഉണ്ടായത്. വിജയശതമാനം 53.90.