ഡിക്ലയര്‍ തീരുമാനം വിവാദത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന അവസാന ടെസ്റ്റില്‍ രണ്ടാമിന്നിംഗ്സില്‍ ഡിക്ലയര്‍ ചെയ്യാന്‍ വൈകിയ ഇന്ത്യയുടെ തീരുമാനം വിവാദമാകുന്നു. ഇന്ത്യയുടെ ലീഡ് 600 കടക്കുന്നത് വരെ കാത്തിരുന്ന ധോണിയുടെ തീരുമാനമാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ധോണിയുടെ തെറ്റായ തീരുമാനം മൂലം ഒരുടെസ്റ്റ് വിജയം തന്നെ ഇന്ത്യയ്ക്ക് ബലി നല്‍കേണ്ടിവന്നതായി മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കളിയുടെ മൂന്നാം ദിനം തന്നെ രണ്ടിന്നിംഗ്സുകളില്‍ നിന്നായി ഇന്ത്യ 513 റണ്‍സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യ നാലാം ദിനവും കുറച്ച് സമയം ബാറ്റ് ചെയ്ത ശേഷമാണ് ഡിക്ലയര്‍ ചെയ്തത്.

616 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യയുടെ ലീഡ്. വിജയലക്‍ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് നാലാം ദിനം വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്തി. അവസാ‍ന ദിനത്തില്‍ മഴ കളി മുടക്കുകയും ചെയ്തു. ഇന്ത്യയുടെ ഇന്നിംഗ്സ് വലിച്ചുനീട്ടാതെ ഡിക്ലയര്‍ ചെയ്തിരുന്നെങ്കില്‍ ന്യൂസിലാന്‍ഡിനെതിരെ കളിക്കാനുള്ള മതിയായ സമയം ലഭിക്കുമായിരുന്നെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം.

എന്നാല്‍ വിജയം ഉറപ്പിക്കാന്‍ വേണ്ടിയാണ് ബാറ്റിംഗ് നീട്ടിയതെന്നാണ് ധോനിയുടെ അഭിപ്രായം. കുറഞ്ഞ സ്കോറിന് ഡിക്ലയര്‍ ചെയ്താല്‍ എതിര്‍ ടീം അവരുടെ ബാറ്റിംഗ് ശൈലി അതിനനുസരിച്ച് മാറ്റും. അങ്ങനെ സംഭവിച്ചാല്‍ കളി കവിടുമെന്ന ആശങ്ക മൂലമാണ് സുരക്ഷിതമായ സ്ഥാ‍നത്തെത്തിയിട്ട് ഡിക്ലയര്‍ പ്രഖ്യാപിച്ചതെന്നാണ് ധോനിയുടെ പക്ഷം.

മുന്‍ താരമായ ഗുണ്ടപ്പ വിശ്വനാഥാണ് ധോണിയുടെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രത്യക്ഷമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 531 റണ്‍സിന് ധോനിക്ക് ഡിക്ലയര്‍ പ്രഖ്യാപിക്കാമായിരുന്നെന്നും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ എതിര്‍ ടീമിന് ഈ ലക്‍ഷ്യം നേടിയെടുക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കളിയുടെ അവസാന നിമിഷം വരെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്ക്ക് മഴ മൂലം സമനിലയ്ക്ക് സമ്മതിക്കേണ്ടിവരികയായിരുന്നു. മഴയെത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 281 എന്ന ദയനീയ നിലയില്‍ ആയിരുന്നു ന്യൂസിലാന്‍ഡ്. ഇന്ത്യയുടെ നൂറാം ടെസ്റ്റ് വിജയമാണ് കയ്യെത്തും ദൂരത്ത് ഇതിലൂടെ നഷ്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :