ടെസ്റ്റ്: സമ്മാനത്തുക ഉയര്‍ത്തിയേക്കും

ജോഹന്നാസ്ബര്‍ഗ്| WEBDUNIA|
ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സമ്മാനത്തുക ഉയര്‍ത്താന്‍ ഐസി‌സി ചീഫ് എക്സിക്യൂട്ടീവ് യോഗം ശുപാര്‍ശ ചെയ്തു. ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും നല്‍കുന്ന സമ്മാനത്തുക ഉയര്‍ത്താനാണ് ശുപാര്‍ശ. രണ്ട് ദിവസങ്ങളായി ജോഹന്നാസ്ബര്‍ഗില്‍ നടന്ന യോഗത്തിലാ‍ണ് തീരുമാനം.

അന്താരാഷ്ട്ര മാച്ചുകള്‍ക്ക് തെരഞ്ഞെടുക്കുന്ന വേദികളുടെ നിലവാരം ഉറപ്പുവരുത്തണമെന്ന് വിവിധ ബോര്‍ഡുകളോട് യോഗം ആവശ്യപ്പെട്ടു. ഇത് ഓരോ രാജ്യത്തെയും ബോര്‍ഡുകളുടെ ഉത്തരവാദിത്തമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ആന്‍റിഗ്വയില്‍ ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മത്സരം പിച്ചിന്‍റെ ഗുണനിലവാരമില്ലായ്മ മൂലം മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാ‍ണ് ഐസിസിയുടെ നിര്‍ദ്ദേശം. ഓരോ വര്‍ഷവും ഫെബ്രുവരിയില്‍ അടുത്ത കൊല്ലം അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ യോഗ്യമായ ഗ്രൌണ്ടുകള്‍ ഏതൊക്കെയാണെന്ന് ഓരോ ബോര്‍ഡും അറിയിക്കണം.

വേദിയെക്കുറിച്ച് എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കണം നല്‍‌കേണ്ടതെന്നും യോഗം നിര്‍ദ്ദേശിച്ചു. ആന്‍റിഗ്വ സംഭവത്തില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി വിശദീകരണം ചോദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :