ടെയ്‌ലര്‍ക്ക് പകരം കിങ്സ് ഇലവനില്‍ യൂസഫ്

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA|
പരുക്ക് ഭേദമാകാത്ത വെസ്റ്റിന്‍ഡീസ് ബൌളര്‍ ജെറോം ടെയ്‌ലര്‍ക്ക് പകരം ദക്ഷിണാഫ്രിക്കന്‍ യുവപേസര്‍ യൂസഫ് അബ്ദുള്ളയെ പഞ്ചാബ് കിങ്സ് ഇലവന്‍ ടീമില്‍ ഉള്‍പ്പെടുത്തി. കിങ്സ് ഇലവന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം വാഹനാപകടത്തില്‍ പരുക്കേറ്റ ടെയ്‌ലര്‍ ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ടെയ്‌ലറുടെ അഭാവം ടീമിന് ഒരു തീരാനഷ്ടമായിരിക്കുമെന്ന് ടീം സഹ ഉടമ നെസ്സ് വാഡിയ പറഞ്ഞു.

ടീമിലെ മറ്റൊരു താരമായ ഓസീസ് ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ്ലീയും പരുക്കിന്‍റെ പിടിയിലാണ്. എന്നാല്‍ മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്ക് ബ്രെറ്റ്‌ലീ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വാഡിയ പറഞ്ഞു.

ബോളിവുഡ് താരം പ്രീതി സിന്‍റയുടെതാ‍ണ് കിങ്സ് ഇലവന്‍. ടീമിലെ 28 താരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നും അന്തിമ തെരഞ്ഞെടുപ്പ് അവിടെയാകുമെന്നും വാഡിയ പറഞ്ഞു. യുവരാജ് നയിക്കുന്ന കിങ്സ് ഇലവന്‍ ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്ക്കുക.

ദക്ഷിണാഫ്രിക്കയില്‍ ടീമംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ വാന്‍‌ഡറേര്‍സ് കോച്ച് ഡേവിഡ് നോസ്‌വര്‍ത്തിയെ അവര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു. നിലവിലെ കോച്ച് ടോം മൂഡിയോടോത്തായിരിക്കും നോസ്‌വര്‍ത്തി ടീമംഗങ്ങളെ പരിശീലിപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :