ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശാരീരികമായും മാനസികവുമായും പരിപൂര്‍ണ്ണ സജ്ജമാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പുതിയ ട്വന്റി20 ജേഴ്‌സി അനാവരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയുമായുള്ള മത്സരങ്ങള്‍ ടീമിന് കൂടുതല്‍ കരുത്ത് പകര്‍ന്നുവെന്ന് ധോണി പറഞ്ഞു. ഇനി വരാന്‍ പോകുന്ന മത്സരങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായ യുവരാജ് സിംഗിന്റെ പരിശീലന പ്രകടനങ്ങള്‍ മികച്ചതാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ത്രിവര്‍ണ്ണ നിറത്തോടുകൂടിയ ജേഴ്‌സിയാണ് ഇന്ത്യന്‍ ടീം വരാന്‍ പോകുന്ന മത്സരങ്ങളില്‍ ഉപയോഗിക്കുക. പുതിയ ജേഴ്‌സി തന്റെ കഴിവുകള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്ന് വീരേന്ദര്‍ സേവാഗ് പറഞ്ഞു. പുതിയ ജേഴ്‌സി കൂടുതല്‍ സ്‌റ്റൈലിഷാണെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം.
അനാവരണചടങ്ങില്‍ ധോണിയോടൊപ്പം യുവരാജ് സിംഗ്, വീരേന്ദര്‍ സേവാഗ്, കോഹ്‌ലി, ഇര്‍ഫാന്‍ പഠാന്‍, അജിങ്ക്യ രഹാന, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യാ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 23-ന് ഹൈദരാബാദില്‍ ആണ് ആരംഭിക്കുക.