ചാര്‍ജ്ജേഴ്സിനും മുംബൈയ്ക്കും തകര്‍പ്പന്‍ ജയം

ഡര്‍ബന്‍| WEBDUNIA|
ഐപി‌എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ വിജയഗാഥ തുടരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റിന് തോല്‍‌പിച്ച് അവര്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബൈ ഇന്ത്യന്‍സും പരാജയപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ധോണിയും കൂട്ടരും ഭേദപ്പെട്ട സ്കോര്‍ നേടിയിരുന്നു. ബൌളിംഗിലെ തകര്‍ച്ചയാണ് സൂപ്പര്‍ കിംഗ്സിന് വിനയായത്. മുത്തയ്യ മുരളീധരനും റെയ്നയ്ക്കും മാത്രമാണ് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായത്. ബാലാജിയും ഗോണിയും മോര്‍ക്കലും ഓറമും അടങ്ങുന്ന കിംഗ്സിന്‍റെ മറ്റ് ബൌളര്‍മാരെല്ലാം റണ്ണുകള്‍ വാരിക്കോരി നല്‍കുകയായിരുന്നു.

3.3 ഓവറുകള്‍ എറിഞ്ഞ ബാലാജി 41 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരോവര്‍ മാത്രം ബൌള്‍ ചെയ്ത ഗോണി 20 റണ്‍സും 3 ഓവര്‍ എറിഞ്ഞ മോര്‍ക്കല്‍ 29 റണ്‍സും വിട്ടുകൊടുത്തു. മൂന്നോവറില്‍ 28 റണ്‍സായിരുന്നു ഓറം എതിരാളികള്‍ക്ക് ദാനം നല്‍കിയത്.

അര്‍ദ്ധസെഞ്ച്വറിയുടെ വക്കില്‍ പുറത്തായ ഹെയ്ഡന്‍റെയും ( 35 പന്തില്‍ നിന്ന് 49) മധ്യനിരയില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ജേക്കബ് ഓറമും ( 29 പന്തില്‍ നിന്ന് 41) ആണ് കിംഗ്സിന് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലിനെ ( 2 പന്തില്‍ നിന്ന് 0) അവര്‍ക്ക് ആദ്യം തന്നെ നഷ്ടമായി. സുരേഷ് റെയ്ന 25ഉം ധോണി 22ഉം റണ്‍സെടുത്തു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സായിരുന്നു അവരുടെ സ്കോര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ചാര്‍ജേഴ്സിന് ഓപ്പണര്‍മാരായ ഗില്‍ക്രിസ്റ്റും ഗിബ്സും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഗില്‍ക്രിസ്റ്റ് 19 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ഗിബ്സ് 56 പന്തില്‍ നിന്ന് 69ഉം. അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളുമാണ് നായകനായ ഗില്‍ക്രിസ്റ്റിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. ഗിബ്സ് ആറ് ഫോറുകളും രണ്ട് സിക്സറുകളും പറത്തി.

ഒടുവില്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചാര്‍ജേഴ്സ് വിജയം കാണുകയായിരുന്നു. ഗിബ്സ് ആണ് കളിയിലെ കേമന്‍.

92 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയത്. സച്ചിന്‍റെയും സനത് ജയസൂര്യയുടെയും അര്‍ദ്ധസെഞ്ച്വറികളാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത അഭിഷേക് നായരുടെയും ലസിത് മലിംഗയുടെയും ഉജ്ജ്വല ബൌളിംഗും അവര്‍ക്ക് തുണയായി.

ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ നേടിയ ലക്ഷ്മി രത്തന്‍ ശുക്ല മാത്രമാണ് റൈഡേഴ്സ് ബൌളിംഗ് നിരയില്‍ തിളങ്ങിയത്.

188 റണ്‍സ് വിജയലക്‍ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സിനെ ഇന്ത്യന്‍സ് ബൌളര്‍മാര്‍ 95 റണ്‍സിന് കൂടാരം കയറ്റി. മലിംഗയ്ക്കും അഭിഷേകിനും ഒപ്പം ബ്രാവോ 2 വിക്കറ്റും സഹീര്‍ ഖാന്‍ ഒരു വിക്കറ്റും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :