ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റ് ഏകദിന ക്രിക്കറ്റിന്‍റെ ഉണര്‍ത്തുപാട്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ചൂണ്ടിക്കാട്ടി. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ഏകദിന ക്രിക്കറ്റിന്‍റെ പ്രതാപകാലം ചാമ്പ്യന്‍സ് ട്രോഫി വീണ്ടെടുക്കുമെന്ന് ഇരുവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ട്വന്‍റി-20 യുടെ സ്വീകാര്യതയില്‍ 50 ഓവര്‍ മത്സരങ്ങള്‍ നിലനില്‍പ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇരു ക്യാപ്റ്റന്‍മാരും ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റിനായി ഐസിസി വളരെയധികം പരിശ്രമം നടത്തിയിരുന്നുവെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. ടീമുകള്‍ എങ്ങനെ കളിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും ടൂര്‍ണ്ണമെന്‍റിന്‍റെ വിജയമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ദൈര്‍ഘ്യം കുറവാണെന്നതും ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമാണ് ടൂര്‍ണ്ണമെന്‍റിന്‍റെ പ്രത്യേകതയെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.
50 ഓവര്‍ മത്സരങ്ങള്‍ 40 ഓവറുകളാക്കി ചുരുക്കണമെന്ന അഭിപ്രായം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ നിര്‍ണ്ണായക സമയത്താണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തിരശ്ശീല ഉയരുന്നത്. അതുകൊണ്ടുതന്നെ ടൂര്‍ണ്ണമെന്‍റിന്‍റെ വിജയത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി.
2007 ലോകകപ്പ് നടന്നപ്പോഴുള്ള ജനപ്രീതി 50 ഓവര്‍ മത്സരങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് അംഗീകരിച്ചുകൊണ്ടായിരുന്നു സംഗക്കാരയുടെ അഭിപ്രായം. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്‍റ് പോലുള്ള പരമ്പരകളിലാണ് 50 ഓവര്‍ മത്സരങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം നടക്കുന്നതെന്ന് സംഗക്കാര ചൂണ്ടിക്കാട്ടി.