ഐ പി എല്‍ ബാറ്റ്സ്മാന്‍മാരുടെ മാത്രം കളിയല്ല. ഇത് ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഒരിക്കല്‍ കൂടി തെളിഞ്ഞു. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ബൌളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള 55 റണ്‍സിനാണ് പരാജയപ്പെട്ടത്.
ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന കൊച്ചി 16.3 ഓവറില്‍ 74 റണ്‍സിന് പുറത്താകുകയായിരുന്നു. ആദ്യ ആറോവറില്‍ തന്നെ കൊച്ചിയുടെ പരാജയം ഡെക്കാന്‍ ബൌളര്‍മാര്‍ ഉറപ്പിച്ചിരുന്നു. ആദ്യ നാലോവര്‍ പിന്നിട്ടപ്പോള്‍ വെറും ആറു റണ്‍സിന് ടസ്‌കേഴ്‌സിന്റെ ആറു മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് പുറത്തായത്. ഇതില്‍ ക്യാപ്‌റ്റന്‍ മഹേള ജയവര്‍ധനെ(4) ഒഴികെ ബാക്കി അഞ്ചു പേരും പൂജ്യത്തിനാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ 11 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കൊച്ചിയെ രവീന്ദ്ര ജഡേജ(23), തിസാര പെരേര(22), വിനയ് കുമാര്‍(18) എന്നിവരാണ് കൊച്ചിയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡെയ്‌ല്‍ സ്‌റ്റെയ്‌നുമാണ് കൊച്ചിയെ തകര്‍ത്തെറിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്‌ത ഡെക്കാന്‍ ചാര്‍ജേഴ്സിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഡെക്കാന്‍ ആദ്യ പത്തോവറില്‍ 37 റണ്‍സ് എടുത്തപ്പോള്‍ കൊച്ചി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ നായകന്‍ കുമാര്‍ സംഗക്കാര(65), കാമറൂണ്‍ വൈറ്റ്(31) എന്നിവര്‍ ഡെക്കാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.
കൊച്ചിക്ക് വേണ്ടി വിനയ് കുമാര്‍ മൂന്ന് വികറ്റുകള്‍ വീഴ്ത്തി. ആര്‍ പി സിംഗ് രണ്ടും തിസാര പെരേര ഒരു വിക്കറ്റും നേടി.