ഐ പി എല്‍ ടീമായ കൊച്ചി ടസ്കേഴ്സ് കേരളയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്‌ഥാനം ഏറ്റെടുക്കാനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ടസ്‌കേഴ്‌സിന്റെ ഓഹരി സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ മാസം 22 ന് മുംബൈയില്‍ ഇത് സംബന്ധിച്ച ആദ്യ ചര്‍ച്ച നടക്കും. വിലയും അതില്‍ നിന്ന് ഉണ്ടാക്കാനാവുന്ന ലാഭവും കണക്കിലെടുത്തായിരിയ്‌ക്കും ടസ്‌കേഴ്‌സ് ഓഹരി സ്വന്തമാക്കുന്നത് സംബന്ധിച്ച അവസാന തീരുമാനമെന്ന് പ്രിയന്‍ പറഞ്ഞു.
കേരളത്തിന് ഐപിഎല്‍ ടീമുണ്ടാക്കാന്‍ മോഹന്‍ലാലുമായി ചേര്‍ന്നു പ്രിയദര്‍ശന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. തരൂരിന്റെ നീക്കങ്ങളിലൂടെ ഗുജറാത്ത് കേന്ദ്രമായ റൊണ്‍ദേവു കണ്‍സോര്‍ഷ്യം കേരളത്തിന്റെ ടീമിനെ സ്വന്തമാക്കുകയായിരുന്നു. ഒരു ശതമാനം ഓഹരിയുമായി വിവേക് വേണുഗോപാലായിരുന്നു ടീം ഉടമകളിലെ മലയാളി സാന്നിധ്യം.
ആങ്കര്‍ എര്‍ത്തും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ പരിണി ഡവലപ്പേഴ്‌സുമാണ് ഇപ്പോള്‍ ടീമിന്റെ 80 ശതമാനം ഓഹരിയുടെയും ഉടമകള്‍. റോണ്‍ദേവൂ സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫിലിം വേവ്‌സ് കമ്പൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആങ്കര്‍ എര്‍ത്തിനും പരിണി ഡവലപ്പേഴ്‌സിനും ഓഹരികള്‍ നല്‍കിയത്. എന്നാല്‍ റോണ്ടിവൂവും ഫിലിം വേവ്‌സും ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ചിട്ടില്ല.