അഡ്‌ലെയ്ഡ്|
PRATHAPA CHANDRAN|
Last Modified ചൊവ്വ, 10 ഫെബ്രുവരി 2009 (16:44 IST)
ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ എകദിന പരമ്പരയില്‍ കീവിസിനൊപ്പമെത്തി. 245 റണ്‍സിന്‍റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഓസീസ് 48 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യത്തിലെത്തി. സ്കോര്‍ ന്യൂസിലാന്‍ഡ് 50 ഓവറില്‍ 244/8. ഓസ്ട്രേലിയ 48.2 ഓവറില്‍ 247/4.
ഡേവിഡ് ഹസിയുടെ(79) മൈക്ക് ഹസിയുടെ(75) അര്‍ധ സെഞ്ച്വറികളാണ് ഓസീസ് ലക്‍ഷ്യം അനായാസമാക്കിയത്. മൈക്കല്‍ ക്ലാര്‍ക്കും(13), റിക്കി പോണ്ടിംഗും(15) നിരാശരാക്കിയെങ്കിലും 43 റണ്‍സെടുത്ത ബ്രാഡ് ഹാഡിന്‍ നല്‍കിയ ഭേദപ്പെട്ട തുടക്കത്തില്‍ നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്ത ഹസി സഹോദരര്‍ പരമ്പര നഷ്ടത്തില്‍ നിന്ന് ഓസീസിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവീസിന് ഓപ്പണര്‍മാരായ മക്‍ക്കല്ലവും(33) ഗുപ്റ്റിലും(45) നല്‍കിയ മികച്ച തുടക്കം മുതലാക്കാനായില്ല. പിന്നീട് ടെയ്‌ലറും(76), എലിയട്ടും(26), കൈ മില്‍സും(23) ചേര്‍ന്ന് കീവികളെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഓസീസ്നു വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്നും ഹോപ്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മൈക്കല്‍ ക്ലാര്‍ക്കിന്‍റെ നായക്ത്വത്തില്‍ ഇറങ്ങിയ ഓസീസിന് അടി തെറ്റിയിരുന്നു. എന്നാല്‍ നായകന്‍ റിക്കി പോണ്ടിംഗ് മടങ്ങിയെത്തിയ രണ്ട് മത്സരത്തിലും വിജയം പിടിച്ചെടുത്ത ഓസീസ് പരമ്പരയില്‍ സമനില പിടിക്കുകയായിരുന്നു. അടുത്ത ഏകദിനം 13ന് ബ്രിസ്ബെയ്‌നില്‍ നടക്കും.