ഒഴിവാക്കിയതല്ല, വിശ്രമം നല്‍കിയതാണ്!

മുംബൈ| WEBDUNIA|
PTI
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീരേന്ദ്ര സേവാ‍ഗും സഹീര്‍ ഖാനും ഇടം കണ്ടെത്താനാകാതെ പോയത് എന്തുകൊണ്ടാണ്? അവരുടെ മോശം ഫോമല്ല കാരണമെന്നും അവര്‍ക്ക് ‘വിശ്രമം’ അനുവദിച്ചതാണെന്നും സെലക്ടര്‍മാര്‍ പറയുന്നു.

“സഹീറും സേവാഗും പരുക്കിന്‍റെ പിടിയിലാണ്. അവര്‍ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ അവര്‍ക്ക് വിശ്രമം നല്‍കുന്നു. ഇതാണ് സത്യം” - ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സേവാഗിന്‍റെ സമ്പാദ്യം വെറും 65 റണ്‍സാണ്. അതുകൊണ്ടുതന്നെ ഏഷ്യാകപ്പിന് സേവാഗ് ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നാല്‍ അതിന് സെലക്ടര്‍മാര്‍ ‘വിശ്രമം’ എന്ന പേര് നല്‍കിയിരിക്കുന്നതാണ് വിചിത്രം.

ഇവര്‍ക്കൊപ്പം പേസ് ബൌളര്‍ ഉമേഷ് യാദവിനും ‘വിശ്രമം’ അനുവദിച്ചിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന്‍റെ കടും‌നിലങ്ങളിലൂടെ കടന്നുപോകുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തി. സച്ചിന് തന്‍റെ നൂറാം സെഞ്ച്വറി തികയ്ക്കാന്‍ ഒരു അവസരം കൂടി!

യൂസഫ് പത്താനും അശോക് ദിന്‍ഡയുമാണ് ടീമിലേക്ക് മടങ്ങിയെത്തിയവര്‍. സൌരാഷ്ട്രയ്ക്കെതിരെ പത്ത് സിക്സറുകളുടെയും പത്ത് ബൌണ്ടറികളുടെയും അകമ്പടിയോടെ നേടിയ സെഞ്ച്വറിയാണ് യൂസഫ് പത്താന് ഗുണമായത്. പ്രാദേശിക ക്രിക്കറ്റിലെ പ്രകടനം ദിന്‍ഡയെ തുണച്ചു.

മഹേന്ദ്രസിംഗ് ധോണി തന്നെയാണ് ടീം ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിന്‍റെ ക്യാപ്ടന്‍. ഒറ്റദിവസത്തെ അസാമാന്യ പ്രകടനം പുതിയൊരു വൈസ് ക്യാപ്ടനെയും സമ്മാനിച്ചിരിക്കുന്നു - സാക്ഷാല്‍ വിരാട് കൊഹ്‌ലി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :