ഈഡനില്‍ നിന്ന് മത്സരം മാറ്റരുതെന്ന് ബിസിസിഐയും

ന്യൂഡല്‍ഹി| WEBDUNIA|
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍നിന്ന് ലോകകപ്പ് മത്സരം മാറ്റരുതെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും രംഗത്തെത്തി. വേദിമാറ്റല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ സി സി യോട് അഭ്യര്‍ഥിച്ചതായി ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടര്‍കൂടിയായ ബി സി സി ഐ ചീഫ് അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി അറിയിച്ചു. മുന്‍ ഐ സി സി പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ബി സി സി ഐ ഈഡന് വേണ്ടി രംഗത്തെത്തിയത്.

സ്റ്റേഡിയംപണി പൂര്‍ത്തിയാക്കുന്നതിന് ഫെബ്രുവരി ഏഴുവരെ സമയം അനുവദിക്കണമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (കാബ്) തലവന്‍ കൂടിയായ ജഗ്‌മോഹന്‍ ഡാല്‍മിയ ആവശ്യപ്പെട്ടു. ഫൈനല്‍ നടക്കുന്ന വാങ്കഡെ സ്റ്റേഡിയമുള്‍പ്പെടെയുള്ള നാലുവേദികള്‍ക്ക് പണി പൂര്‍ത്തിയാക്കുന്നതിന് 14 ദിവസംകൂടി അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്‍ക്കത്തയില്‍നിന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മാറ്റിയതിന്റെ ഉത്തരവാദിത്വം ബി സി സി ഐക്കല്ലെന്ന് കഴിഞ്ഞദിവസം ബോര്‍ഡ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പറഞ്ഞിരുന്നു. വേദികള്‍ നിശ്ചയിച്ചതും പരിശോധന നടത്തിയതും ഐ സി സി യാണ്. വ്യാഴാഴ്ച വൈകിട്ടുമാത്രമാണ് വേദി മാറ്റുന്ന കാര്യം ബോര്‍ഡിനെ ഐ സിസി അറിയിച്ചതെന്നുമാണ് മനോഹര്‍ പറഞ്ഞത്.

ഫിബ്രവരി 27ന് നടക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഈഡന്‍ ഗാര്‍ഡനില്‍നിന്ന് മാറ്റുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :