ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

മൊഹാലി| WEBDUNIA|
PRO
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 258 റണ്‍സ് വിജയലക്‍ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നാണ് വിജയം കണ്ടത്. ഇതോടെ 3-1 എന്ന നിലയില്‍ മുന്നിലായ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

രോഹിത് ശര്‍മ്മയുടെയും സുരേഷ് റെയ്‌നയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായി ടീമില്‍ ഇടം കണ്ട രോഹിത് ശര്‍മ്മ അവസരം ശരിക്കും മുതലാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുകയും സ്കോര്‍ ഇഴയുകയും ചെയ്തപ്പോള്‍ മറുഭാഗത്ത് ശക്തമായി ചുവടുറപ്പിക്കുകയായിരുന്നു രോഹിത് ശര്‍മ്മ.

93 പന്തില്‍ നിന്ന് 83 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. ഫിന്നിന്‍റെ പന്തില്‍ അദ്ദേഹം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രോഹിത് ശര്‍മ്മയില്‍ നിന്ന് പോരാട്ടം ഏറ്റെടുത്ത സുരേഷ് രോഹിത്തിനേക്കാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

79 പന്തുകളില്‍ 89 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി 26 റണ്‍സും രവീന്ദ്ര ജഡേജ 21 റണ്‍സുമെടുത്തു. റെയ്‌ന - ജഡേജ കൂട്ടുകെട്ട് അപരാജിതമായി നിന്നു.

ഈ പരമ്പര ജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്നത്തെ വിജയത്തോടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച രണ്ടാമത്തെ നായകന്‍ എന്ന പദവി മഹേന്ദ്രസിംഗ് ധോണിയെ തേടിയെത്തി. 77 ഏകദിനങ്ങളിലാണ് ധോണി ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഗാംഗുലിയുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പീറ്റേഴ്സന്‍റെയും കുക്കിന്‍റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഏഴുവിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 257 റണ്‍സ് നേടിയത്. 93 പന്തുകളില്‍ നിന്ന് 76 റണ്‍സാണ് പീറ്റേഴ്സണ്‍ നേടിയത്. അലിസ്റ്റര്‍ കുക്കും 76 റണ്‍സ് സ്വന്തമാക്കി.

രണ്ടാം വിക്കറ്റില്‍ കുക്കും പീറ്റേഴ്സണും ചേര്‍ന്ന് നേടിയ 95 റണ്‍സാണ് ഇംഗ്ലണ്ട് സ്കോറിന്‍റെ അടിത്തറ. എന്നാല്‍ കുക്കും പീറ്റേഴ്സണും നല്‍കിയ ജീവശ്വാസം ആളിക്കത്തിച്ച് മികച്ച സ്കോറിലേക്ക് നയിച്ചത് ജോ റൂട്ടാണ്. 45 പന്തുകളില്‍ 57 റണ്‍സാണ് ജോ റൂട്ടിന്‍റെ സംഭാവന.

ജോ റൂട്ട് പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലി അദ്ദേഹത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യ കാട്ടിയ ഏറ്റവും വലിയ അബദ്ധം. പിന്നീട് റൂട്ട് 42ല്‍ നില്‍ക്കുമ്പോള്‍ റെയ്‌നയും ക്യാച്ച് നഷ്ടപ്പെടുത്തി.

25 ഓവറുകള്‍ പിന്നിട്ടപ്പോള്‍ വെറും 97 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോര്‍ കാര്‍ഡില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് അമ്പതാം ഓവറില്‍ 257 എന്ന നിലയിലേക്ക് അവര്‍ കുതിച്ചത്. അവസാന ഒമ്പത് ഓവറുകളില്‍ 96 റണ്‍സാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ സംഭാവന ചെയ്തത്.

പന്തെറിഞ്ഞവരില്‍ രവീന്ദ്ര ജഡേജ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ 47 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :