ഇന്ത്യക്കാര്‍ ചീത്ത വിളിച്ചെന്ന് മുസ്ഫിക്കര്‍

ചിറ്റഗോങ്ങ്| WEBDUNIA|
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ വന്‍ വിജയം നേടിയതിന് തൊട്ടു പിന്നാലെ ഇന്ത്യയെ തേടി പരാതിയുമെത്തി. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ ബൌളര്‍മാര്‍ ചീത്ത വിളിച്ചെന്നാണ് പരാതി. ബാറ്റ്‌ ചെയ്യുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ തന്നെ കളിയാക്കിയെന്ന്‌ അവസാന ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ മുസ്ഫിക്കര്‍ റഹീം പറഞ്ഞു.

തന്നെ ചീത്തവിളിക്കാന്‍ മുന്നില്‍ ശ്രീശാന്തായിരുന്നുവെന്നും മുസ്ഫിക്കര്‍ പറഞ്ഞു. തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കണ്ട് ഭയന്ന ഇന്ത്യന്‍ പേസ് ബൌളര്‍മാര്‍ തന്നെ സ്കൂള്‍കുട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇതിന് താന്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 114 പന്തില്‍ 101 റണ്‍സ്‌ നേടിയ മുസ്ഫിക്കാര്‍, ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ബംഗ്ലാദേശ്‌ ബാറ്റ്സ്മാന്‍ എന്ന ബഹുമതിക്ക്‌ അര്‍ഹനായി.

മികവിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ബൗളര്‍മാരേക്കാള്‍ പിന്നിലാണ്‌ ഇന്ത്യന്‍ താരങ്ങളെന്നും മുസ്ഫിക്കര്‍ പറഞ്ഞു. അതേസമയം, ഇത്തരമൊരു പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് വ്യക്തമാക്കി.

എന്നാല്‍, ഇത്തരമൊരു ചീത്ത വിളി സംബന്ധിച്ച് ഇന്ത്യന്‍ നായകന്‍ സെവാഗിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ റഹീമിന്റെ പരാതിയില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള വിജയം ഇന്ത്യന്‍ ബൌളര്‍മാരുടെ വിജയമാണെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. രണ്ടാം ഇന്നിങ്ങ്സില്‍ സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ, ശ്രീശാന്ത്, ആമിത് മിശ്ര എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സെവാഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :