ഇംഗ്ലണ്ടിലേക്ക് ഉടനെയില്ല: ആര്‍തര്‍

കേപ്ടൌണ്‍| WEBDUNIA|
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ തല്‍ക്കാലം താനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

“ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ എനിക്ക് സമയം ബാക്കി കിടക്കുന്നു. എന്‍റെ രാജ്യത്തോടുള്ള കടപ്പാട് നിറവേറ്റാനാണ് ഇപ്പോള്‍ താല്‍‌പര്യം” ദക്ഷിണാഫ്രിക്കക്കാരന്‍ കൂടിയായ ആര്‍തര്‍ പറഞ്ഞു.

ബ്രട്ടീഷ് പത്രങ്ങളായ ടെലിഗ്രാഫും ഗാര്‍ഡിയനുമാണ് ആര്‍തര്‍ ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. ആന്‍ഡിഫ്ലവര്‍ ആണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്‍റെ പരിശീലകന്‍. താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഫ്ലവറിനെ നിയമിച്ചിരിക്കുന്നത്.

പരിശീലകനായിരുന്ന പീറ്റര്‍മൂറിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഫ്ലവറിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പരിശീലകനാക്കിയത്. സ്ഥിരമായി ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാന്‍ താല്‍‌പര്യമുണ്ടെന്ന് അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗ്രഹാംഫോര്‍ഡ്, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റ് തുടങ്ങിയവരെയും ഇംഗ്ലണ്ട് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

അടുത്തിടെ മിക്കി ആര്‍തറുടെ കാലാവധി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ട് കൊല്ലത്തേക്ക് കൂടി നീട്ടിയിരുന്നു. 2005ലാണ് ആര്‍തര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :