ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആധിപത്യം. 233 റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഇപ്പോള്‍ 566 റണ്‍സാണ് ലീഡ്. 178 റണ്‍സെടുത്ത ജോറൂട്ടാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ലീഡ് സമ്മാനിച്ചത്.
ഇന്നലെ 31/3 എന്ന നിലയില്‍ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇംഗ്ളണ്ടിനെ മുന്നോട്ടു നയിച്ചത് റൂട്ടിന്റെയും ബ്രെസ്നാന്റെയും (38) ബാറ്റിംഗാണ്. തലേന്ന് ആദ്യ മൂന്ന് വിക്കറ്റുകള്‍ പൊഴിച്ചിട്ടതുപോലെയൊരു പ്രകടനത്തിനെത്തിയ ഓസീസ് ബൗളര്‍മാരെ ഇരുവരും തീര്‍ത്തും നിരാശരാക്കി.
ലഞ്ചിന് ശേഷമാണ് ബ്രെസ്‌നാനെ പുറത്താക്കാന്‍ ഓസീസിന് കഴിഞ്ഞത്. 137 പന്ത് നേരിട്ട് നാല് ബൗണ്ടറികള്‍ പറത്തിയ ബ്രെസ്നാനെ പാറ്റിന്‍സണിന്റെ പന്തില്‍ റോജേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഇയാന്‍ ബെല്‍ (74) റൂട്ടിന് പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് വീണ്ടും മുന്നോട്ടു നീങ്ങി. അഞ്ചാം വിക്കറ്റില്‍ റൂട്ട്-ബെല്‍ സഖ്യം 153 റണ്‍സ് നേടി.