ആവേശത്തിര തീര്‍ക്കാന്‍ സച്ചിന്‍; രഞ്ജി ഫൈനലില്‍ തീപാറും

മുംബൈ: | WEBDUNIA|
PTI
PTI
ക്രിക്കറ്റ് ദൈവമെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയാണ്. അതുകൊണ്ട് തന്നെ അവര്‍ പറയുന്നു, രഞ്ജി ഫൈനലില്‍ തീപാറും. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അണിചേരുന്ന മുംബൈയും സൗരാഷ്‌ട്രയും തമ്മിലുള്ള രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനല്‍ ശനിയാഴ്ചയാണ്. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന െഫെനല്‍ ഇ.എസ്‌.പി.എന്നില്‍ തത്സമയം കാണാം. നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാവും ഫലം, കാരണം സച്ചിന്‍ പങ്കെടുക്കുന്നതു കൊണ്ട് മത്സരത്തിനു ടിക്കറ്റ്‌ നിരക്ക്‌ ഏര്‍പ്പെടുത്താനാണു ക്രിക്കറ്റ്‌ അസോസിയേഷന്റെ തീരുമാനം. സച്ചിന്‍ കളിക്കുന്നതിനാല്‍ ആരാധകരുടെ ഒഴുക്കുണ്ടാകുമെന്ന കണക്കു കൂട്ടലിലാണു ടിക്കറ്റ്‌ നിരക്ക്‌ ഏര്‍പ്പെടുത്തിയത്.

ആറാം തവണയാണു സച്ചിന്‍ മുംബൈയ്‌ക്കു വേണ്ടി രഞ്‌ജി ട്രോഫി ഫൈനലില്‍ കളിക്കുന്നത്‌. കരിയറില്‍ ആകെ 35 തവണ സച്ചിന്‍ മും ബൈയ്‌ക്കു വേണ്ടി ക്രീസിലിറങ്ങി. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്‌ജി ട്രോഫി െഫെനലുകളില്‍ സച്ചിനു മികച്ച റെക്കോഡാണുള്ളത്‌. 1991 ല്‍ ഹരിയാനയ്‌ക്കെതിരേ ഒന്നാം ഇന്നിംഗ്‌സില്‍ 47 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 96 റണ്‍സും സച്ചിന്‍ നേടി. 1995 ല്‍ പഞ്ചാബിനെതിരേ നടന്ന െഫെനലില്‍ രണ്ട്‌ ഇന്നിംഗ്‌സുകളിലും സെഞ്ചുറി (140,139) നേടി. 2000 ല്‍ െഹെദരാബാദിനെതിരേ നടന്ന െഫെനലില്‍ അര്‍ധ സെഞ്ചുറിയും (53) സെഞ്ചുറിയും (128) നേടി. 2007 ല്‍ ബംഗാളിനെതിരേ 105 റണ്‍സും 43 റണ്‍സുമെടുത്തു.

സച്ചിന്‍ ഇവിടെ കളിച്ച നാല്‌ രഞ്‌ജി ഫൈനലുകളിലും സ്വന്തം ടീമായ മുംബൈ ജയമറിഞ്ഞു. 2008-09 സീസണിലെ രഞ്‌ജി കിരീടമായിരുന്നു ഏറ്റവും ഒടുവിലത്തേത്‌. സച്ചിന്‍ ഫൈനല്‍ കൂടാതെ സീസണില്‍ മൂന്നു തവണ മുംെബെയ്‌ക്കു വേണ്ടി കളിച്ചു. വാങ്കഡെയില്‍ തന്നെ റെയില്‍വേസിനെതിരേ നടന്ന ഉദ്‌ഘാടന മത്സരത്തിലും ബറോഡയ്‌ക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും സര്‍വീസസിനെതിരേ സെമിയിലുമാണു സച്ചിന്‍ കളിച്ചത്‌. ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷമാണു സച്ചിന്‍ ബറോഡയ്‌ക്കെതിരേ കളിച്ചത്‌. റെയില്‍വേസിനെതിരേ നടന്ന മത്സരത്തില്‍ സച്ചിന്‍ 137 റണ്‍സെടുത്തിരുന്നു. ബറോഡയ്‌ക്കെതിരേ നടന്ന ക്വാര്‍ട്ടറില്‍ 108 റണ്‍സും സര്‍വീസസിനെതിരേ 56 റണ്‍സും സച്ചിന്‍ നേടി.

75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രഞ്‌ജി ഫൈനലില്‍ കളിക്കുന്ന സൗരാഷ്‌ട്രയെക്കാളും ആതിഥേയര്‍ കൂടിയായ മുംബൈയ്‌ക്കാണു മുന്‍തൂക്കം. നാല്‍‌പതാം കിരീടമെന്ന ലക്‍ഷ്യവുമായാണു മുംബൈ കളിക്കളത്തിലേക്കിറങ്ങുന്നത്‌. സച്ചിന്റെ സാന്നിധ്യം തന്നെ ടീമിനു വലിയ ആത്മവിശ്വാസമാണ്‌. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെയും രവീന്ദ്ര ജഡേജയെയും ഫൈനലില്‍ കളിക്കാന്‍ വിട്ടുനല്‍കില്ലെന്ന ബിസിസിഐയുടെ നിലപാട്‌ സൗരാഷ്‌ട്രയ്‌ക്കു തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പൊരുതി ജയിക്കാനാവും സൌരാഷ്ട്രയുടെ ശ്രമം. വാങ്കഡെ സ്റ്റേഡിയത്തില്‍ മത്സരം പൊടിപൊടിക്കുമെന്ന് നിസംശയം പറയാം, അതാണ് ആരാധകരുടെ പ്രതീക്ഷയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :